തിരുവനന്തപുരം: വിവരാവകാശപ്രകാരം ഉന്നയിച്ച ചോദ്യത്തിന് തെറ്രായ ഉത്തരം നൽകിയതിന്റെ പേരിൽ, താലൂക്ക് ഓഫീസ് അധികൃതർ അപേക്ഷകന് പണം തിരിച്ചു നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവായി. ശരിയായ വിവരം അപേക്ഷകന് സൗജന്യമായി നൽകാനും ഉത്തരവിട്ടു. പേരൂർക്കടയിൽ താമസിക്കുന്ന സഹോദരി സതിക്കുവേണ്ടി പത്തനംതിട്ട തട്ട കൃഷ്ണാലയത്തിൽ ലാലൻ നൽകിയ വിവരാവകാശ ചോദ്യത്തിനുളള മറുപടിയാണ് തെറ്റായി നൽകിയത്. ഒരു പേജിന് രണ്ട് രൂപ വീതം 40 പേജിന് 80 രൂപയാണ് ലാലൻ അടച്ചത്. സതി താമസിക്കുന്ന പേരൂർക്കട കുന്നുംപുറത്തെ വസ്തുവിന് പട്ടയം കിട്ടുന്നതിന് രണ്ടു വർഷം മുൻപ് അപേക്ഷ നൽകിയിരുന്നു. ഇവിടെ ജുലേഖ എന്നയാളാണ് താമസിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർ ലാൻഡ് റവന്യൂ ട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ടിന്റെ വിശദവിവരം ചോദിച്ചതിനുള്ള മറുപടിയാണ് താലൂക്ക് ഓഫീസിൽ നിന്ന് തെ​റ്റായി ലഭിച്ചത്. ലാലന് ലഭിച്ച വിവരാവകാശ മറുപടി സതി പട്ടയത്തിനു വേണ്ടി അപേക്ഷിച്ചതിന്റെ അനുബന്ധ രേഖകളാണ്. സതി താമസിക്കുന്ന കുന്നുംപുറത്തെ വീട് തൊണ്ണൂറ് വർഷമായി പിതാവ് ശ്രീധരന്റെ പേരിലുള്ളതാണെന്ന് വില്ലേജ് ഓഫീസിലെ രേഖകളിലുണ്ട്. എന്നാൽ, ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ടിൽ ഭൂമി ജുലേഖയുടെ പേരിലുള്ളതാണെന്ന് എഴുതിയിരുന്നു. ഇതേ തുടർന്നാണ് വിവരാവകാശ നിയമ പ്രകാരം ലാലൻ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടത്. ശരിയായ വിവരം ലഭിക്കാഞ്ഞതിനെ തുടർന്ന് ലാലൻ മുഖ്യ വിവരാവകാശ കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.