നെടുമങ്ങാട്: മലഞ്ചരക്കിന്റെ വ്യാപാര നഗരിയെന്ന പദവി നെടുമങ്ങാടിന് അന്യമാകുകയാണ്. ഉത്പന്നങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ വിള സംഭരണത്തിനായി താലൂക്കിൽ പ്രവർത്തിച്ചിരുന്ന നിരവധി സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ കേന്ദ്രങ്ങൾ പൂട്ടി. കർണാടക സർക്കാരിന്റെ സഹകരണത്തോടെ നാല് പതിറ്രാണ്ടായി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പഴകുറ്റിയിലെ കാംകോ കേന്ദ്രത്തിന് താഴ് വീണിട്ട് ഒരു വർഷം കഴിഞ്ഞു.
കൊട്ടപ്പക്കും കൊക്കോയും കർഷകന് ന്യായവില നൽകി സംഭരിച്ചിരുന്ന കാംകോയിൽ പാക്ക് ഇളക്കി ഉണക്കാനും കൊക്കോ സംസ്കരിക്കാനും തദ്ദേശീയരായ നിരവധി കുടുംബങ്ങളെ നിയോഗിച്ചിരുന്നു. അവരെല്ലാം ഇന്ന് പട്ടിണിയിലാണ്.
കോടികൾ ചെലവിട്ട് നിർമ്മിച്ച അന്താരാഷ്ട്ര കാർഷിക വിപണിയിൽ പച്ചക്കറി ലേലം മാത്രമേ നടക്കുന്നുള്ളു. പ്രധാന വിളകളുടെ സംഭരണത്തിനും വില്പനയ്ക്കുമായി നിർമ്മിച്ച കോൺക്രീറ്റ് ഹബുകൾ ഉപയോഗ ശൂന്യമായി അടഞ്ഞുകിടപ്പാണ്. അഗ്രിക്കൾച്ചർ ഡയറക്ടർമാർ ഉൾപ്പടെ എഴുപതോളം ഉദ്യോഗസ്ഥർ നിയമിതരായിട്ടുള്ള അന്താരാഷ്ട്ര മാർക്കറ്റിൽ ഇവർക്ക് പ്രതിമാസ വേതനം നൽകാനുള്ള തുക പോലും പച്ചക്കറി ലേലത്തിലൂടെ ലഭിക്കുന്നില്ല. നഷ്ടം സഹിച്ച് അന്താരാഷ്ട്ര മൊത്ത വിപണി ഇവിടെ എത്രനാൾ നിലനിൽക്കുമെന്നതിൽ എല്ലാവർക്കും ആശങ്കയുണ്ട്.
വീട്ടുമുറ്റങ്ങളിലും തരിശ് നിലങ്ങളലും കൃഷി ഇറക്കുന്നത് മുപ്പത് കൊല്ലം മുമ്പ് വരെ താലൂക്കിലെ സവിശേഷ കാഴ്ചയായിരുന്നു. ബ്രൈമൂർ, ബോണക്കാട്, പൊന്മുടി എന്നീ മേജർ എസ്റ്റേറ്റുകൾ ഉൾപ്പടെ നൂറിലധികം തോട്ടങ്ങൾ വിളയുത്പാദനത്തിൽ സുപ്രധാന പങ്കുകാരായി. വിയറ്റ്‌നാമിൽ നിന്ന് കുരുമുളകും മലേഷ്യയിൽ നിന്ന് റബറും ശ്രീലങ്കയിൽ നിന്ന് തേങ്ങയും ഇറക്കുമതി ആരംഭിച്ചതോടെ മലനാട്ടിലെ കാർഷികവൃത്തി ഉലഞ്ഞു.
മരച്ചീനി കിലോയ്ക്ക് 40 രൂപ വിലയുണ്ടെങ്കിലും തമിഴ്‍നാട്ടിൽ നിന്ന് 20ഉം 30ഉം രൂപയ്ക്കാണ് മാർക്കറ്റുകളിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം 35 രൂപ കിട്ടിയിരുന്ന തേങ്ങയ്ക്ക് 28 രൂപയേ ഇപ്പോഴുള്ളു. തേങ്ങ അടക്കാൻ അടങ്കൽ എടുക്കുന്ന സംഘങ്ങളും തെങ്ങു മുറിക്കാൻ കരാറെടുത്ത് എത്തുന്ന തമിഴ്നാട്ടുകാരുമാണ് കേരകൃഷിക്ക് അന്തകനായിരിക്കുന്നത്. തെങ്ങ് കയറ്റത്തിനും പൊതിക്കലിനും ചുമട്ടിനും വെവ്വേറെ കൂലി ഈടാക്കി തുടങ്ങിയപ്പോൾ കർഷകരും മുഖംതിരിച്ചു.