s

വെഞ്ഞാറമൂട്: ശോചനീയാവസ്ഥയെക്കുറിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഗാരേജ് സന്ദർശിക്കാൻ അടൂർ പ്രകാശ് എം.പി എത്തി. നെല്ലനാട് പഞ്ചായത്ത് പര്യടനത്തിനിടെയാണ് നാല്പതോളം തൊഴിലാളികൾ പണിയെടുക്കുന്ന ഡിപ്പോ ഗാരേജിന്റെ സ്ഥലം നേരിൽ കാണാൻ അദ്ദേഹം എത്തിയത്. ഐ.എൻ.ടി.യു.സി നേതാക്കളായ സത്യൻ പൂച്ചടിവിളയും, തുളസി കൊപ്പവും അദ്ദേഹത്തെ സ്വീകരിച്ചു. ഗാരേജിന്റെ അവസ്ഥയെക്കുറിച്ചും, ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഇരുവരും അദ്ദേഹത്തോട് വിശദീകരിച്ചു. ഡിപ്പോയുടെ ശോചനീയാവസ്ഥ വിശദീകരിച്ച് നിവേദനം നൽകിയാൽ വേണ്ട നടപടി സ്വീകരിക്കാമെന്നും, വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും നേതാക്കൾക്ക് എം.പി ഉറപ്പ് നൽകി. കോൺഗ്രസ് നേതാക്കളായ ഇ.ഷംസുദ്ദീൻ, ആനക്കുഴി ഷാനവാസ്, ജി. പുരുഷോത്തമൻ നായർ, എം.മണിയൻ പിള്ള, അഡ്വ.വെഞ്ഞാറമൂട് സുധീർ, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.