വക്കം: വെള്ളക്കെട്ട് ഒഴിവാക്കാനായി ആരംഭിച്ച വക്കം മാർക്കറ്റ് ജംഗ്ഷൻ - ഇറങ്ങ്കടവ് റോഡിലെ ഓട നിർമ്മാണം ഇഴയുന്നതായി പരാതി. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഘട്ടം ഘട്ടമായി ആരംഭിച്ച ഓട നിർമ്മാണം മുക്കാലവട്ടം ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ഓടയ്ക്കായി എടുത്ത കുഴിയുടെ സമീപത്തെ വീടിന്റെ മതിൽ തകർന്നു വീണു. അതോടെ ഓട നിർമ്മാണം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ സമിതി റോഡും ഓട നിർമ്മിക്കേണ്ട സ്ഥലവും പരിശോധിച്ച ശേഷം റോഡരികിൽ കുഴിയെടുത്ത് ഓട നിർമ്മാണം വേണ്ടന്ന നിലപാട് എടുക്കുകയായിരുന്നു. പിന്നെ റോഡിന്റെ ഏതാണ്ട് മദ്ധ്യഭാഗം കുഴിച്ച് ഓട നിർമ്മിക്കാൻ ധാരണയായി. തുടർന്ന് റോഡ് കുഴിച്ച് ഒാട നിർമ്മാണം തുടങ്ങിയതോടെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഓട നിർമ്മാണം അനിശ്ചിതമായി നീണ്ടതോടെ നാട്ടുകാരും, വാഹനയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. റോഡിൽ പലസ്ഥലത്തായുള്ള മൺകൂനകൾ ഇത് വഴിയുള്ള കാൽനടയാത്ര പോലും ദുസഹമാക്കി. മഴക്കാലമായതിനാൽ ചെളിക്കെട്ടും വ്യാപകമാണ്. ഈ റോഡ് വഴി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ ഇല്ലെങ്കിലും നിരവധി സ്കൂൾ ബസുകൾ ഓടുന്നുണ്ടായിരുന്നു. സ്കൂൾ ബസ് ഇവിടേക്ക് എത്താത്തതിനാൽ വിദ്യാർത്ഥികളുമായി മറ്റിടങ്ങളിൽ പോയി നിൽക്കേണ്ട ബുദ്ധിമുട്ടും രക്ഷിതാക്കൾക്കൾക്കുണ്ട്. എത്രയും പെട്ടെന്ന് ഓടയുടെ നിർമ്മാണം പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അടഞ്ഞത് എളുപ്പ വഴി
വക്കം മേഖലയിൽ നിന്നും അഞ്ചുതെങ്ങ് റോഡിലേക്ക് കയറാനുള്ള എളുപ്പവഴിയാണിത്. ഇതടഞ്ഞതോടെ ലക്ഷ്യത്തിലെത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നാട്ടുകാർ. തോപ്പിക്ക വിളാകത്തെ റെയിൽവേ ഗേറ്റ് അടഞ്ഞാൽ വാഹനങ്ങൾക്ക് മറ്റ് റോഡുകളിലെത്താനുള്ള ഏക റോഡും കൂടിയാണിത്.