jalaja

വർക്കല: അടച്ചിട്ട വീട്ടിൽ ആരും തുണയില്ലാതെ കഴിഞ്ഞ രോഗിയായ സ്ത്രീക്ക് ആശാവോളണ്ടിയറുടെ ഇടപെടലിൽ മോചനം. കോവൂർ കൃഷ്‌ണാലയത്തിൽ അംബികയെയാണ് ഇവർ ആശുപത്രിയിലാക്കിയത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവോളണ്ടിയറായ ജലജ കഴിഞ്ഞദിവസം അംബികയുടെ വീട്ടിലെത്തിയത്. വീട് അടച്ചിട്ട നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ എത്തിയപ്പോഴും വീട് അടഞ്ഞുകിടക്കുകയായിരുന്നു. സംശയംതോന്നിയ ജലജ അംബികയുടെ സഹോദരിയെ പോയികണ്ടു. ചേച്ചി വീട്ടിലുണ്ടെന്നായിരുന്നു മറുപടി. വീണ്ടുമെത്തി വിളിച്ചപ്പോൾ ഏറെ ബുദ്ധിമുട്ടിയാണ് അംബിക ജനലിന് സമീപമെത്തിയത്. കതക് തുറന്നുനോക്കിയപ്പോൾ വിസർജ്യങ്ങൾക്ക് സമീപം കഴിയുന്ന നിലയിൽ ജലജയെ കണ്ടു. മൂന്ന് ദിവസമായി ആഹാരം പോലും കഴിക്കാതെ അവശയായിരുന്നു ഇവർ. മൂന്ന് ദിവസം മുമ്പ് സഹോദരി കൊണ്ടുവന്ന ഭക്ഷണം അംബിക കഴിച്ചിരുന്നില്ല. മരിക്കാനുള്ള മരുന്നെങ്കിലും കൊണ്ടുതരണമെന്നായിരുന്നു ഇവരുടെ അഭ്യർത്ഥന. 17വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്, മക്കളുമില്ല. ഹൃദ്രോഗവും ശ്വാസകോശരോഗവും കാരണം തീരെ അവശയാണ് അംബിക. കശുവണ്ടി തൊഴിലാളികളായ സഹോദരിമാർക്ക് ചേച്ചിയെക്കൂടി സംരക്ഷിക്കാനുള്ള ശേഷിയില്ല. നേരത്തെ അവരുടെ കൂടെയായിരുന്നെങ്കിലും ആരെയും ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാണ് അംബിക സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇവരുടെ ദയനീയാവസ്ഥ ജലജ അഡ്വ. വി. ജോയി എം.എൽ.എയെയും ഗ്രാമപഞ്ചായത്തംഗം കുട്ടപ്പൻതമ്പിയെയും പാലിയേറ്റിവ് കെയർ വോളണ്ടിയർ കെ.ആർ. ഗോപകുമാറിനെയും അറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശപ്രകാരം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.