university-college-proble

തിരുവനന്തപുരം: മകൻ ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറ‌ഞ്ഞതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ഒരാഴ്ചയ്ക്കകം വീട്ടിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അഖിലിന്റെ അച്ഛൻ ചന്ദ്രൻ പറഞ്ഞു. അഖിൽ ഇന്നലെ ഭക്ഷണം കഴിച്ചു. നിലവിൽ ഐ.സി.യുവിൽ തന്നെയാണ് തുടരുന്നതെങ്കിലും ഇന്ന് രാവിലെ ബെഡിൽ നിന്ന് എഴുന്നേല്പിച്ച് നടത്തിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. കേസ് അതിന്റെ വഴിക്ക് നടക്കുമെന്നും പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടാവുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അഖിലിനെ സന്ദർശിക്കാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഞാനും കുടുംബവും പാർട്ടിക്കാരാണ്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അഖിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ എടുത്തത്. കഴിഞ്ഞ വർഷത്തെ കേരള സർവകലാശാല പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും ആൾ ഇന്ത്യാ തലത്തിൽ ആറാം സ്ഥാനവും അഖിലിനായിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളത് കൊണ്ട് പേര് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി അഖിൽ പറഞ്ഞിരുന്നെന്നും അഖിൽ യൂണിവേഴ്സിറ്റി കോളേജിൽ തന്നെ തുടർന്ന് പഠിക്കുമെന്നും അച്ഛൻ ചന്ദ്രൻ കൂട്ടിച്ചേർത്തു.