വെഞ്ഞാറമൂട്: എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എറണാകുളം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസിന്റെ മുൻ വശത്തെ ചില്ല് രണ്ട് യുവാക്കൾ എറിഞ്ഞു തകർത്തു. ചില്ലുവീണ് ഡ്രൈവർ പെരുമ്പാവൂർ സ്വദേശി സി.കെ. രാജന്റെ (47) ഇടതുകൈയ്ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് കീഴായിക്കോണം ഉദിമൂട് വച്ചായിരുന്നു സംഭവം. കാരേറ്റ് ബസ് നിറുത്തവെ, പിന്നാലെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് അക്രമം കാട്ടിയത്. ബസ് മുന്നോട്ട് നീക്കി നിറുത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്രൈവറെ അസഭ്യം പറഞ്ഞു. എന്നാൽ, ബസിന്റെ ആട്ടോമാറ്റിക് ഡോർ തുറക്കാത്തതുകാരണം യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ഡോർ തുറന്ന് യാത്രക്കാർ ഇറങ്ങി. യാത്ര തുടരവെ, വെഞ്ഞാറമൂട് ഉദിമൂട് ജംഗ്ഷനിൽ കാത്തുനിന്ന ഈ യുവാക്കൾ ബസിന് കല്ലെറിഞ്ഞശേഷം ഇടറോഡിലൂടെ കടന്ന് കളയുകയായിരുന്നു. സംഭവത്തെ തുടർന്ന് അര മണിക്കൂർ എം.സി റോഡിൽ ഗതാഗത തടസമുണ്ടായി. പരിക്കേറ്റ ഡ്രൈവറെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.