തിരുവനന്തപുരം: 'പാർട്ടിയുടെ എല്ലാ പരിപാടികളിലും സമരത്തിനും അവൻ പോകും. ഏതു രാത്രിയിൽ വിളിച്ചാലും പോകും. ചേട്ടന്മാര് വിളിക്കുന്നു, പോയിട്ടു വരാം എന്ന് മാത്രമേ പറയാറുള്ളൂ. എന്നിട്ടാണ് അവനോടിങ്ങനെ ചെയ്തത്.'
വിതുമ്പലോടെ അഖിലിന്റെ അമ്മ പറയുന്നു.
യൂണിവേഴ്‌സിറ്റി കോളേജിൽ പോകുന്നതിന് വീട്ടിൽ ആർക്കും താൽപര്യമില്ലായിരുന്നു. അഖിലിന് പക്ഷേ നിർബന്ധമായിരുന്നു. കുത്താൻ മാത്രം വൈരാഗ്യമോ അങ്ങനെ എന്തെങ്കിലും സംഭവമോ ഉണ്ടായിട്ടില്ലെന്ന് അമ്മ ജിജുലാലും സഹോദരി ചിഞ്ചുവും പറയുന്നു. പവർലിഫ്റ്റിംഗ് ദേശീയ മത്സരത്തിൽ ജയിച്ചപ്പോൾ കോളേജിൽ സ്ഥാപിച്ച ഫ്‌ളക്‌സ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തിൽ വലിച്ചുകീറിക്കളഞ്ഞു. യൂണിറ്റ് റൂമിന് മുന്നിൽ ബൈക്ക് വച്ചതിന്റെ പേരിൽ അടിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്തു. എന്നിട്ടും അഖിൽ പ്രതികരിച്ചിരുന്നില്ല. ജോലിയും ഭാവിയും സ്വപ്‌നം കണ്ടാണ് പ്രശ്‌നങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നതെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും അവർ പറയുന്നു.
എസ്.എഫ്.ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗമായ അഖിൽ നാട്ടിൽ സജീവപ്രവർത്തകനാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ചന്ദ്രനും പാർട്ടിക്കാരനാണ്. അഖിലിന്റെ മുത്തച്ഛൻ കേശവനും പാർട്ടി പ്രവർത്തകനായിരുന്നു.
പവർലിഫ്റ്റിംഗിലൂടെ ജോലിയെന്ന സ്വപ്നം
അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി പവർലിഫ്റ്റിംഗിൽ 74 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ അഖിൽ അപകടനില തരണം ചെയ്‌തെങ്കിലും പവർലിഫ്റ്റിംഗിൽ തുടരാൻ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബം. നെഞ്ചിനാണ് കുത്തേറ്റത്. ഹൃദയധമനി മുറിഞ്ഞതിനാൽ ഓപ്പൺ ഹാർട്ട് സർജറിക്കാണ് വിധേയനായത്. പവർലിഫ്റ്റിംഗിൽ ശ്വാസമെടുക്കുന്നത് പ്രധാനമായതിനാൽ പരിശീലനം നടത്താനും യൂണിവേഴ്‌സിറ്റി കായികമേളയിലും പങ്കെടുക്കാനും കഴിയുമോ എന്നാണ് ആശങ്ക. ആരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല.
നീറമൺകര മന്നം മെമ്മോറിയൽ സ്‌കൂളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അഖിൽ കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പവർലിഫ്റ്റിംഗിൽ പരിശീലനം നേടിയത്. 2017ൽ കേരള പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയിൽ 93 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. ഓൾ ഇന്ത്യ ഫെഡറേഷൻ നാഷണൽ സബ്‌ജൂനിയർ പവർലിഫ്റ്റിംഗ്, ജൂനിയർ സൗത്ത് ഇന്ത്യ പവർലിഫ്റ്റിംഗ്, കേരള സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ,സംസ്ഥാന മത്സരങ്ങളിലും നേട്ടമുണ്ടാക്കി. ദേശീയതലത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി കായികമേഖല വഴി റെയിൽവേയിലോ മറ്റോ ജോലി നേടുകയായിരുന്നു ലക്ഷ്യം.യൂണിവേഴ്‌സിറ്റി കോളേജിൽ സ്‌പോർട്‌സ് ക്വോട്ടയിലാണ് പ്രവേശനം കിട്ടിയത്.