തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും.ഇതുമായി ബന്ധപ്പെട്ട് പി.എസ്.സിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. മൈനസ് മാർക്കുള്ള പരീക്ഷയിൽ സമർത്ഥരായ ഉദ്യോഗാർത്ഥികൾക്കു പോലും ഉയർന്ന മാർക്ക് നേടുക ദുഷ്കരമാണെന്നിരിക്കെ, ഇതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും.
അഖിലിനെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് ആണ് 91.91 ശതമാനം മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഒന്നാമൻ. 28-ാം റാങ്കുള്ള രണ്ടാം പ്രതി നസീമിന് 65.33 ശതമാനമാണ് മാർക്ക്. കാസർകോട്ടെ കെ.എ.പി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയ്ക്ക് സാധാരണയായി ഇതേ ജില്ലയിലും സമീപ ജില്ലകളിലുമാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുകയെന്നിരിക്കെ, ശിവരഞ്ജിത്തിനും നസീമിനും തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങൾ ലഭിച്ചത് എങ്ങനെയെന്ന കാര്യവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും.
അതേസമയം, പി.എസ്.സി സംസ്ഥാനതലത്തിൽ നടത്തിയ പരീക്ഷയായതിനാൽ ഇവർക്ക് സ്വന്തം ജില്ലയിൽത്തന്നെ എക്സാം സെന്റർ ലഭിക്കുകയായിരുന്നെന്നും, അതിൽ ക്രമക്കേടു നടന്നിട്ടില്ലെന്നുമാണ് പി.എസ്.സിയുടെ വാദം. ഇക്കാര്യം പി.എസ്.സി വീണ്ടും പരിശോധിക്കും. ക്രിമിനൽ ബന്ധമുള്ളവരെ കൂട്ടത്തോടെ പൊലീസിൽ എത്തിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാണെന്ന ആക്ഷേപം നിലനിൽക്കെ ഈ വഴിക്കായിരിക്കും സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രധാന അന്വേഷണം.
വീണ്ടും പരീക്ഷ
വേണം: സെൻകുമാർ
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ പശ്ചാത്തലത്തിൽ പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. ഒന്നാം പ്രതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.