തിരുവനന്തപുരം : എൻജിനിയറിംഗ് / ആർക്കിടെക്ചർ / ഫാർമസി കോഴ്‌സുകളിൽ രണ്ടാംഘട്ട അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ചവരും അലോട്ട്മെന്റ് ലഭിക്കാത്തവരും ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നടത്തിയാലേ മൂന്നാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂവെന്ന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ നിന്നും അറിയിച്ചു. മൂന്നാം ഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നടത്താത്തവർക്ക് രണ്ടാം ഘട്ട അലോട്ട്മെന്റിലൂടെ ലഭിച്ച അഡ്മിഷൻ നിലനിൽക്കും. അഗ്രികൾച്ചർ/ വെറ്ററിനറി/ ഫോറസ്ട്രി / ഫിഷറീസ് കോഴ്‌സുകളിൽ ഒന്നാംഘട്ട അലോട്ട്മെന്റിലൂടെ അഡ്മിഷൻ നേടിയവരും അലോട്ട്മെന്റുകളൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നടത്തണം. എന്നാൽ അഡ്മിഷൻ നേടിയ ശേഷം രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്‌ഷൻ കൺഫർമേഷൻ നടത്താത്തവരുടെ അഡ്മിഷൻ നിലനിൽക്കും. എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിലേക്കുമാത്രം ഓപ്‌ഷൻ നൽകുന്നവർക്ക് രണ്ടാംഘട്ട അലോട്ട്മെന്റിന്റെ വിജ്ഞാപനം വേറെ നൽകും. ആയുർവേദ / ഹോമിയോ/ സിദ്ധ/ യുനാനി കോഴ്‌സുകളിലെ ഒന്നാം ഘട്ട അലോട്ട്മെന്റിനാണ് ഇപ്പോൾ ഓൺലൈൻ ഓപ്‌ഷൻ ക്ഷണിച്ചിട്ടുള്ളത്. വിജ്ഞാപന പ്രകാരമുള്ള ഓപ്‌ഷൻ രജിസ്‌ട്രേഷൻ / ക്രമീകരണം / കൺഫർമേഷൻ നടത്തുന്നതിനുള്ള സമയം 16 ന് ഉച്ചയ്ക്ക് 1 മണിവരെയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.