പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ നടന്ന ക്ളാഡ്‌നോ അത്‌ലറ്റിക്സ് മീറ്റിൽ 400 മീറ്ററിൽ ദേശീയ റെക്കാഡോടെ ഒന്നാമതായി ഫിനിഷ് ചെയ്ത മലയാളിതാരം മുഹമ്മദ് അനസ് ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും കരസ്ഥമാക്കി.
24 കാരനായ അനസ് 45.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തന്റെ തന്നെ പേരിലുണ്ടായിരുന്ന 45.24 സെക്കൻഡിന്റെ റെക്കാഡ് തകർത്തെറിഞ്ഞത്. 46.19 സെക്കൻഡിൽ ഒാടിയെത്തിയ പോളണ്ടിന്റെ ഒമെൽക്കോ റഫാലിനാണ് വെള്ളി.
വനിതകളുടെ 200 മീറ്ററിൽ ഇന്ത്യൻ താരം ഹിമ ദാസും ക്ളാഡ്നോ മീറ്റിൽ സ്വർണം നേടി. 23.43 സെക്കൻഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഹിമയുടെ മൂന്നാമത്തെ അന്താരാഷ്ട്ര സ്വർണമാണിത്. ഇൗമാസം രണ്ടിന് പോളണ്ടിൽനടന്ന പൊസ്‌നാൻ അത്‌ലറ്റിക് മീറ്റിലും ജൂലായ് ഏഴിന് നടന്ന കുട്‌നോ മീറ്റിലും 200 മീറ്ററിൽ സ്വർണം ഹിമയ്ക്ക് തന്നെയായിരുന്നു.
ക്ളാഡ്നോമീറ്റിൽ വനിതകളുടെ 400 മീറ്ററിൽ മലയാളിതാരം വി.കെ. വിസ്മയ വെള്ളി സ്വന്തമാക്കി. ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിയായ വിസ്മയ 52.54 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇന്ത്യയുടെതന്നെ സരിത ഗേയ്ക്ക്‌വാദിന് വെങ്കലം ലഭിച്ചു.
അതേസമയം കിർഗിസ്ഥാനിൽ നടന്ന ഇന്റർനാഷണൽ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ 16.53 മീറ്റർ ചാടി മുഹമ്മദ് സലാഹുദ്ദീൻ സ്വർണം നേടി. വനിതകളുടെ 400 മീറ്ററിൽ ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിലെ ജിസ്‌ന മാത്യു 53.76 സെക്കൻഡിൽ ഒാടിയെത്തി വെള്ളി നേടി.ലോംഗ് ജമ്പിൽ 7.97 മീറ്റർ ചാടി ശ്രീശങ്കർ കഴിഞ്ഞദിവസം സ്വർണം നേടിയിരുന്നു. മീറ്റിൽ നിന്ന് ഇന്ത്യൻ ടീം ആകെ 11 സ്വർണങ്ങളും അഞ്ചുവെള്ളിയും മൂന്ന് വെങ്കലങ്ങളും സ്വന്തമാക്കി.