ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ചാമ്പ്യൻ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാമുകൾ നേടിയിട്ടുള്ള റോജർ ഫെഡററെ ഇഞ്ചോടിഞ്ച് ഫൈനൽ പോരാട്ടത്തിൽ 7-6,1-6,7-6,4-6, 13-12ന് തോൽപ്പിച്ചാണ് നൊവാക്ക് തന്റെ അഞ്ചാം കിരീടം നേടിയത്
. മത്സരം നാല് സെറ്റുകൾ പിന്നിട്ടപ്പോൾ ഇരുവരും രണ്ട് സെറ്റുകൾ വീതം സ്വന്തമാക്കി. ആദ്യസെറ്റ് നൊവാക്ക് ടൈബ്രേക്കറിലൂടെ നേടിയപ്പോൾ രണ്ടാം സെറ്റിൽ ഫെഡറർ കനത്ത തിരിച്ചടി നൽകുകയായിരുന്നു.
സർവുകൾ ഒന്നും ബ്രേക്ക് ചെയ്യാതെ ഇരുതാരങ്ങളും ഒന്നിനൊന്ന് മെച്ചമായി മുന്നേറിയ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് നൊവാക്കിന് നേടാനായത്. 6-6 എന്ന നിലയിൽ തുല്യത വന്നപ്പോൾ നടന്ന ടൈബ്രേക്കറിൽ പിടിവിട്ടുപോയതിന്റെ നിരാശ രണ്ടാം സെറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഫെഡറർ തീർത്തത്.
രണ്ടാം സെറ്റിലെ നൊവാക്കിന്റെ ആദ്യ സെർവ് തന്നെ ഫെഡറർ തകർത്തു. തുടർന്ന് തന്റെ സർവ് നിലനിറുത്തി. നൊവാക്കിന്റെ തുടർച്ചയായ രണ്ടാംസർവും തകർക്കപ്പെട്ടതോടെ 3-0 ത്തിന് ഫെഡറർ മുന്നിൽ. ഇൗ സെറ്റിൽ ഒരു ഗെയിം മാത്രമാണ് നൊവാക്കിന് നേടാനായത്. 6-1 നാണ് ഫെഡറർ ഇൗ സെറ്റ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റ് ആദ്യ ഗെയിമിന്റെ തനിയാവർത്തനമായി 6-6 ലെത്തി ടൈബ്രേക്കറിലേക്ക് നീങ്ങി.നൊവാക്ക് നേടുകയും ചെയ്തു. നാലാം സെറ്റിൽ 6-4നായിരുന്നു ഫെഡററുടെ ജയം.തുടർന്നായിരുന്നു അഞ്ചാം സെറ്റിലെ ആവേശം.