01

ശ്രീകാര്യം: നവീകരണ പ്രവർത്തനങ്ങൾ നിലച്ച ചെമ്പഴന്തി ശ്രീനാരായണ കോളേജിന് സമീപത്തെ കുണ്ടൂർകുളം റോഡിനെ കുറിച്ച് ഇപ്പോൾ അധികൃതർ മറന്ന മട്ടാണ്. ഗുരുകുലം സ്‌കൂളിന് അരികത്ത് കൂടി തെക്ക് പടിഞ്ഞാറ് ഭാഗത്തായി വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത ചെമ്പഴന്തി കുണ്ടൂർകുളം റോഡ് ഇന്ന് കാൽനടയാത്രയ്ക്കു പോലും കഴിയാത്ത തരത്തിൽ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ സ്ഥിതിയിലാണ്. ഏകദേശം ഒരു കിലോമീറ്റർ ദൈഘ്യം വരുന്ന റോഡിന്റെ തൊണ്ണൂറു ശതമാനവും ഗട്ടറുകൾ നിറഞ്ഞതിനാൽ വാഹന യാത്ര ദുഷ്കരമായി. ഇതോടെ ഈ ഭാഗത്തെ നൂറുകണക്കിന് കടുംബങ്ങൾ കഷ്ടതയിലാണ്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് വാർഡ് കൗൺസിലർ മുൻകൈയെടുത്ത് റോഡ് നവീകരണത്തിനായി പദ്ധതി തയ്യാറാക്കി നഗരസഭയുടെ അനുമതിയോടെ ടെൻഡർ നൽകി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്കായി മെറ്റലും ടാറും ഉൾപ്പെടെ ഇറക്കി, മെറ്റൽ നിരത്താനായി ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ അരികുകളിൽ പകുതിയിലേറെ വൃത്തിയാക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുന്നറിയിപ്പില്ലാതെ കരാറെടുത്തയാൾ പണികൾ നിറുത്തിവച്ച് സ്ഥലം വിടുകയായിരുന്നു. അതോടെ സ്വന്തം വാഹനങ്ങൾ ഇറക്കാൻ കഴിയാതെ നാട്ടുകാർ വെട്ടിലായി. തുടർന്ന് നാട്ടുകാർ വാർഡ് കൗൺസിലറോട് പരാതിപ്പെട്ടിരുന്നു. കോൺട്രാക്ടർ നിയമാനുസരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ റോഡ് പണി ആരംഭിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കുണ്ടൂർകുളം റോഡിന്റെ ഒരു ഭാഗം ചെമ്പഴന്തി വാർഡും മറുഭാഗം ചെല്ലമംഗലം വാർഡിലുമാണ്. പണികൾ ഇനിയും നീണ്ടുപോയാൽ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നാണ് നാട്ടുകാർ പറയുന്നത്.

നവീകരിക്കേണ്ടത് 2 കി.മീ

ദുരിതത്തിലായത് 100ഓളം കുടുംബങ്ങൾ

ചെമ്പഴന്തി കുണ്ടൂർകുളം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിജിലസ് ക്ലിയറൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ തന്നെ പണികൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

- സി.സുദർശനൻ (ചെല്ലമംഗലം വാർഡ് കൗൺസിലർ)