തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലാ പരീക്ഷയ്‌ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണൽ ഷീറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തു. റെയ്‌ഡ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
യൂണിവേഴ്‌സിറ്റിയുടെ സീൽ പതിച്ച പതിനാറ് ബുക്ക്ലെറ്റ് ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. ഒരു ബുക്ക്ലെറ്റിൽ രജിസ്റ്റർ നമ്പർ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. ഇവയെല്ലാം കൂടി ആകെ 350 ഓളം പേജ് വരും. നിയമപ്രകാരം പരീക്ഷാ ഹാളിൽ മാത്രം ഉപയോഗിക്കേണ്ട ഉത്തരക്കടലാസുകളാണിത്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ റൗണ്ട് ഓഫീസ് സീലാണ് ഇവിടെ നിന്ന് കണ്ടെത്തിയത് .
ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിലെ ശിവരഞ്ജിത്തിന്റെ വീട്ടിൽ കന്റോൺമെന്റ് സി. ഐ എം. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് റെയ്ഡ് നടത്തിയത്.
അതേസമയം, തന്റെ ഔദ്യോഗിക സീൽ ഓഫീസിലുണ്ടെന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വ്യാജസീൽ ആയിരിക്കാമെന്നും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ജയരാജ് ഡേവിഡ് പറഞ്ഞു.
ശിവരഞ്ജിത്തിന് എവിടെ നിന്നാണ് ഇത്രയും ഉത്തരക്കടലാസുകൾ കിട്ടിയതെന്ന് വ്യക്തമല്ല. കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. കോപ്പിയടിച്ചാണ് നേതാക്കൾ പരീക്ഷകളിൽ
ജയിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് ആ സംശയം ബലപ്പെടുത്തുന്നു. ഇതിനൊപ്പം കേസിൽ പ്രതിയായ നസീമിന്റെയും ഇബ്രാഹിമിന്റെയും വീട്ടിൽ പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
എസ്. എഫ്. ഐ നേതാക്കൾ പൊലീസ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതിനെ പറ്റി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.
ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഇരുമ്പ് പാരയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കൾ മാദ്ധ്യമപ്രവർത്തകർക്ക് നേരെ അസഭ്യം പറയുകയും അശ്ലീല ആംഗ്യങ്ങൾ കാട്ടുകയും ചെയ്‌തു. വൈകിട്ട് 6ന് ആരംഭിച്ച റെയ്ഡ് രാത്രി പത്തുമണിവരെ തുടർന്നു .