university-college-incide

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും കോളേജ് എസ്. എഫ് ഐ യൂണിയൻ നേതാവുമായ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെത്തിയതോടെ ശിവരഞ്ജിത്തിന്റെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സംശയം പൊലീസിന് ബലപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് മുമ്പ് ആറ്റുകാൽ മേടമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സീലുകളും മുന്നൂറോളം യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് ഷീറ്രുകളും പൊലീസ് കണ്ടെടുത്തത്. എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിൽ നിന്ന് സീൽ നഷ്ടപ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നതോടെയാണ് സീൽ വ്യാജമായി നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ശിവരഞ്ജിത്ത് ഗ്രേസ് മാർക്കിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ സാധുത സംശയം ജനിപ്പിക്കുന്നതാണെന്ന വാദം ബലപ്പെട്ടു.

എന്നാൽ ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. സീലിന്റെയും സർട്ടിഫിക്കറ്റുകളുടെയും ഉറവിടം പൊലീസിന് പരിശോധിക്കുന്നുണ്ട്. ശിവഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിൽ വ്യക്തത വരുത്താമെന്ന് പൊലീസ് കരുതുന്നു. സീലും സർട്ടിഫിക്കറ്റും വ്യാജ നിർമ്മിതിയാണെന്ന് കണ്ടെത്തിയാൽ പൊലീസ് റാങ്ക് ലിസ്റ്റിൽ നിന്ന് ശിവരഞ്ജിത്ത് പുറത്താകും. വ്യാജ രേഖ ചമച്ചതിന് മറ്റൊരു കേസിൽ കൂടി പ്രതിയാകുകയും ചെയ്യും. ഇതോടൊപ്പം സർവ്വകലാശാല പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ വീട്ടിലെത്തിയത് എങ്ങനെയെന്ന ചോദ്യത്തിനും ശിവരഞ്ജിത്തിൽ നിന്ന് പൊലീസിന് ഉത്തരം തേടേണ്ടതുണ്ട് .

എഴുതിയതും എഴുതാത്തുമായ ബുക്ക്‍ലെറ്റുകളാണ് കണ്ടെത്തിയത്. ഇവ വ്യാജമാണോ മോഷ്ടിച്ചതാണോയെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് പൊലീസ് വെളിപ്പെടുത്തി. പരീക്ഷയിൽ കോപ്പിയടിക്കാനോ മറ്റോ ഇവ ഉപയോഗിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഇന്ന് ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ ശിവരഞ്ജിത്തിനൊപ്പം ബന്ധപ്പെട്ട യൂണിവേഴ്സിറ്റി ജീവനക്കാർക്കെതിരെയും അന്വേഷണം നീളും. അതേ സമയം പി.എസ്. സിയുടെ വിശ്വസ്യത ചോദ്യം ചെയ്യുന്നവിധത്തിലേക്ക് ശിവരഞ്ജിത്തിന്റെ പി.എസ് .സി റാങ്ക് ലിസ്റ്ര് വിവാദം ഉയർന്നതോടെ ഇന്ന് ചേരുന്ന പി.എസ്. സി യോഗം ഇക്കാര്യം ചർച്ച ചെയ്യും. കാസർകോട് ആംഡ് റിസർവ് ബറ്രാലിയനിലേക്കുള്ള പി.എസ്. സി പരീക്ഷയിൽ കൃത്രിമം നടന്നുഎന്ന കാര്യം ബലപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. പരീക്ഷാ സെന്റർ അനുവദിക്കുന്ന കാര്യത്തിലും ക്രമക്കേട് നടന്നോ എന്നന്വേഷിക്കുന്നണ്ട്.

ശിവരഞ്ജിത്തിന് എഴുത്ത് പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്പോർ‌ട്സ് വെയിറ്രേജ് വഴി 13 മാർക്കും ലഭിച്ചതോടെ ഇയാൾ ഒന്നാം റാങ്കുകാരനായി. ഇതോടെ ഈ പരീക്ഷയ്ക്കായി വർഷങ്ങളായി കഷ്ടപ്പെട്ട് പഠിച്ച് തയ്യാറെടുപ്പ് നടത്തിയവർ പിറകിലുമായി. പി.എസ്. സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യുന്ന ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമാണ് ഇപ്പോഴുയർന്നിരിക്കുന്നത്.