popeye-village
പോപ്പോയ് ഗ്രാമം

പോപ്പോയ്‌ എന്ന നാവികനെ ഇഷ്‌ടമില്ലാത്ത കുട്ടികളുണ്ടോ? ഒരുപക്ഷേ, 90കളിൽ ജനിച്ചവരുടെ എക്കാലത്തെയും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിൽ ഒന്നാണ് പോപ്പോയ്. 1980ൽ റോബിൻ വില്യംസൺ നായകനായ പോപ്പോയ് സിനിമ പുറത്തിറങ്ങിയിരുന്നു. ബോക്‌സ് ഓഫീസ് പരാജയമായിരുന്നെങ്കിലും ഈ ചിത്രം മാൾട്ട എന്ന ചെറു രാജ്യത്തിന് സമ്മാനിച്ചത് വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെയാണ്.

മാൾട്ടയിലെ ആങ്കർ ബേയ്‌ക്ക് സമീപമാണ് പോപ്പോയ് സിനിമയിലെ 'സ്വീറ്റ്ഹെവൻ വില്ലേജ് ' എന്ന ഗ്രാമത്തിന്റെ സെറ്റൊരുക്കിയത്. നെതർലൻഡ്സിൽ നിന്നും കാനഡയിൽ നിന്നും എത്തിച്ച നൂറുകണക്കിന് തടികളും കല്ലുകളും ഉപയോഗിച്ചാണ് പോപ്പോയ് ഗ്രാമം നിർമിച്ചത്. 165 തൊഴിലാളികൾ ചേർന്ന് ഏഴു മാസം കൊണ്ടാണ് പോപ്പോയ് ഗ്രാമത്തിന്റെ പണി പൂർത്തിയാക്കിയത്.

മാൾട്ടയിലുള്ളവർക്ക് പോപ്പോയ് ഗ്രാമം ഒരുപാട് ഇഷ്‌ടമായതിനാൽ 1980 ജൂൺ 19ന് സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സെറ്റ് പൊളിച്ചു നീക്കാൻ അണിയറ പ്രവർത്തകർ തയാറായില്ല.

സിനിമാ സെറ്റായി നിർമിച്ചതിനാൽ പോപ്പോയ് ഗ്രാമത്തിന് അത്ര കെട്ടുറപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ, ചിത്രത്തിന്റെ നിർമാണം പൂർത്തിയായതിന് ശേഷം ഗ്രാമത്തിന് മേക്കോവർ വരുത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. കുറച്ച് പെയിന്റിംഗുകളും മറ്റ് അറ്റകുറ്റപ്പണികളും ചെയ്‌ത് പോപ്പോയ് ഗ്രാമത്തിന്റെ ലുക്ക് മോടിപിടിപ്പിച്ചു.

ഇന്ന് ഈ പോപ്പോയ് ഗ്രാമം ഒരു ഓപ്പൺ എയർ മ്യൂസിയവും റിസോർട്ടും കൂടിയാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് പോപ്പോയ് ഗ്രാമം സന്ദർശിക്കാൻ എത്തുന്നത്. തടി കൊണ്ടുണ്ടാക്കിയ 19 വീടുകൾ ഇവിടുണ്ട്. പ്രത്യേക ഷോകൾ, റൈഡുകൾ, മ്യൂസിയങ്ങൾ, കളി വീടുകൾ തുടങ്ങിയവ പോപ്പോയ് ഗ്രാമത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്നു. പോപ്പോയി കാർട്ടൂണിലെ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞ കലാകാരന്മാരെയും ഈ ഗ്രാമത്തിൽ കാണാം.