1

പൂവാർ: പൂവാർ ബസ് സ്റ്റാൻഡ് മുതൽ പാലം വരെയുള്ള റോഡിലെ കൈയേറ്റവും അനധികൃത പാർക്കിഗും പൊതുജനങ്ങൾക്കും യാത്രക്കാർക്കും തലവേദനയാകുന്നു. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമാർഗമാണ് പൂവാർ വഴിയുള്ള ഈ ഇടുങ്ങിയ റോഡ്. അംഗീകൃത ഓട്ടോ ടാക്സീ സ്റ്റാൻഡുകൾ, ഓപ്പൺ മാർക്കറ്റ്, പെട്രോൾ പമ്പ്, ഹോട്ടലുകൾ, ബോട്ടുക്ലബ്ബുകൾ, ബാങ്ക്, ആയുർവേദ ആശുപത്രിയുമടക്കം സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ദിവസേന നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത്. എന്നാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തവിധം റോഡിന്റെ ഇരുവശങ്ങളിലും ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ടനിരയാണ് പാർക്ക് ചെയ്യുന്നത്. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. പ്രവർത്തി ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുക ദുഷ്‌കരമാണ്. ചിലപ്പോൾ പാർക്കിഗിനെച്ചൊല്ലി തർക്കങ്ങളും പതിവാണ്. പലഭാഗത്തും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നിയമലംഘനം ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ നടപടിയെടുക്കാതെ അധികൃതർ ഒളിച്ചുകളിക്കുകയാണ്.
ഫയർഫോഴ്‌സ് വാഹനങ്ങളും കുരുക്കിൽ പെടുന്നത് പതിവാണ്. പിന്നീട് ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച് പ്രധാന റോഡിലെത്താൻ ഇവർക്ക് ഏറെ സമയവുമെടുക്കുന്നു. ഇതിനിടെയാണ് ചെറുതും വലുതുമായ വാഹനങ്ങളുടെ തോന്നിയപോലെയുള്ള പാർക്കിംഗ്. മിക്കപ്പോഴും അലാറം മുഴക്കി കാത്തുകിടന്നാണ്‌ ഫയർഫോഴ്‌സിന്റെ വാഹനങ്ങൾക്ക് വഴിയൊരുങ്ങുന്നത്. പ്രശ്നം നിരവധി തവണ ചർച്ച ചെയ്‌തെങ്കിലും നടപടിയില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ പോകാനാകാതെ വഴിമുടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ പലയിടത്തും എത്തിപ്പെടാൻ വൈകുന്നതും പതിവാണ്.