ന്യൂഡൽഹി: സ്വന്തം വിവാഹം നടത്താൻ കൈയിൽ പണമില്ല. പണം കണ്ടെത്താൻ പലവഴിയും നോക്കി. ഒന്നും വിജയിച്ചില്ല. അവസാനം മോഷണം നടത്താൻതന്നെ തീരുമാനിച്ചു. പക്ഷേ, നിർഭാഗ്യം പൊലീസിന്റെ രൂപത്തിലെത്തി. കൂട്ടുകാരനോടൊപ്പം പൊലീസ് പൊക്കി അകത്താക്കി. ഡൽഹി സ്വദേശികളായ ഗഗൻ ദീപ്, സുഹൃത്ത് വിവേക് രാഘവ് എന്നിവരാണ് പിടിയിലായത്. ഒരു വ്യവസായ സ്ഥാപനത്തിൽ ക്യാഷ് കലക്ടറായി ജോലി ചെയ്യുന്ന ഗഗൻ ദീപ് 10 ലക്ഷം രൂപയാണ് ഇവിടെനിന്ന് മോഷ്ടിച്ചത്.
പണവുമായി വരുമ്പോൾ ബൈക്കിലെത്തിയ ഒരാൾ തന്നെ തടഞ്ഞുനിറുത്തി പണമടങ്ങിയ കവർ തട്ടിപ്പറിക്കുകയായിരുന്നെന്നാണ് ഇയാൾ ഉടമയോട് പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയതോന്നിയ ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടന്നെന്ന് ഗഗൻ പറയുന്ന സമയത്ത് അത്തരത്തിലൊരുസംഭവവും അവിടെ നടന്നില്ലെന്ന് വ്യക്തമായി. തുടർന്ന് വിശദമായി ചോദ്യംചെയ്തതോടെ ഗഗൻ എല്ലാം തുറന്നുപറഞ്ഞു.
അച്ഛന്റെ ചികിത്സയ്ക്കും തന്റെ വിവാഹത്തിനുമുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. ക്രൈം ഷോകളും സിനിമകളും കണ്ടാണ് മോഷ്ടിക്കാനുള്ള പ്ലാൻ തയ്യാറാക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.