യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന മൂന്നാംവർഷ വിദ്യാർത്ഥിയെ മർദ്ദിക്കുകയും കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കിരാത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണവും തെളിവെടുപ്പും ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. സംഘടനാ ബലത്തിൽ നടന്നുകൊണ്ടിരുന്ന അതിക്രമങ്ങളും സഹവിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന പലവിധ പീഡനങ്ങളും ഒന്നൊന്നായി പുറത്തു വരുന്നുണ്ട്.
ഇതുകൂടാതെ ഏറ്റവും ഞെട്ടലുളവാക്കിയത് സർവകലാശാലയുടെയും പി.എസ്.സിയുടെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്യമായിക്കഴിഞ്ഞ ചില സംഗതികളാണ്. കുത്തുകേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിൽ സർവകലാശാലാ പരീക്ഷയ്ക്ക് വേണ്ടിയുള്ള നൂറ്റിയെൺപതോളം ആൻസർ ബുക്കുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ ഔദ്യോഗിക സീലും കണ്ടെടുത്തിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള സീൽ തന്റെ പക്കൽത്തന്നെ ഉണ്ടെന്നാണ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പറയുന്നത്. റെയ്ഡിൽ പൊലീസ് കണ്ടെടുത്ത സീൽ വ്യാജമാകാമെന്നും അദ്ദേഹം സൂചന നൽകുന്നു. അതിനർത്ഥം കുത്തുകേസ് പ്രതിയും സംഘവും സർവകലാശാലയുടെ ഔദ്യോഗിക മുദ്ര സ്വാർത്ഥ താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തിരിക്കാമെന്നാണ്. അതുപോലെ പരീക്ഷയ്ക്കായി ഉദ്ദേശിച്ചുള്ള ഇത്രയധികം ആൻസർ ബുക്കുകൾ പ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നതും ഒട്ടേറെ സംശയങ്ങളുയർത്തുന്നു. സർവകലാശാലയുടെ പരീക്ഷാവിഭാഗം മാത്രം കൈകാര്യം ചെയ്യേണ്ട ആൻസർ ബുക്കുകൾ സംഘടനാ നേതാവായ വിദ്യാർത്ഥിയുടെ പക്കൽ എങ്ങനെ എത്തിയെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. പൊലീസിനു മാത്രമല്ല, അതിന്റെ ഉത്തരവാദിത്വം . അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകൾ ആർക്കും കെട്ടോടെ എടുത്തു കൊണ്ടുപോയി വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്നുവെങ്കിൽ സർവകലാശാലാ പരീക്ഷകൾക്ക് എന്തു വിശ്വാസ്യതയാണുള്ളത്. സാധാരണക്കാരായ വിദ്യാർത്ഥികൾ വർഷം മുഴുവൻ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുമ്പോൾ ഊച്ചാളിത്തരങ്ങൾ കാണിച്ച് കാമ്പസിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന സംഘടനാ നേതാക്കൾ സർവകലാശാലയിൽ നിന്ന് തട്ടിയെടുത്ത ഉത്തരക്കടലാസിൽ ഉത്തരങ്ങൾ തയാറാക്കി തിരുകിക്കയറ്റുന്ന സമ്പ്രദായം നിലനിൽക്കുന്നുവെന്നല്ലേ ഇതിന്റെയെല്ലാം അർത്ഥം. പണ്ടേതന്നെ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ അങ്ങാടിയിൽ പാട്ടാണ്. സംഘടനാ പ്രവർത്തകരുടെ പരീക്ഷാ വിജയത്തിനു പിന്നിൽ ഇങ്ങനെയും ചില രഹസ്യങ്ങളുണ്ടെന്ന സംശയം ഇപ്പോൾ ഏറെ ബലപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ അധീനതയിൽ മാത്രം ഇരിക്കേണ്ട ആൻസർ ബുക്കുകൾ എങ്ങനെ സംഘടനാ നേതാവിന്റെ വീട്ടിലെത്തി എന്ന് അന്വേഷിക്കാനും സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കേരള സർവകലാശാലയ്ക്കും ഉത്തരവാദിത്വമുണ്ട്. ചുമതല അവർ നിറവേറ്റുക തന്നെ വേണം.
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസ് അന്വേഷണം സർവകലാശാലയ്ക്ക് ഏല്പിച്ച കളങ്കം പുറത്തു കൊണ്ടുവന്നതു പോലെ ജനങ്ങൾ പരിപാവനമെന്ന് കരുതിപ്പോരുന്ന പബ്ളിക് സർവീസ് കമ്മിഷനും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കുത്തുകേസിലെ പ്രധാന പ്രതികൾ പി.എസ്.സി നടത്തിയ കെ.എ.പി നാലാം ബറ്റാലിയൻ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയതാണ് വിവാദമായിരിക്കുന്നത്.
കേസിലെ മുഖ്യപ്രതികൾ പൊലീസ് നിയമനത്തിനുള്ള പി.എസ്.സി ലിസ്റ്റിൽ ഒന്നാം റാങ്കും ഇരുപത്തെട്ടാം റാങ്കും നേടി നിയമനം കാത്തുനിൽക്കുമ്പോഴാണ് കുത്തുകേസിൽപ്പെടുന്നത്. കാസർകോട് പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടവർ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയതിലും മറ്റുള്ളവരെ പിന്തള്ളി റാങ്ക് പട്ടികയിൽ മുൻനിരയിൽ എത്തിയതിലും ദുരൂഹതകൾ കാണുന്നവർ ഏറെയുണ്ട്. ഭരണസ്വാധീനമാണ് ഇതിനെല്ലാം പിന്നിലുള്ളതെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്ന തരത്തിലാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ.
പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യതയാണ് ഈ സംഭവത്തിലും ചോദ്യം ചെയ്യപ്പെടുന്നത്. രാഷ്ട്രീയക്കാർക്കുമാത്രം പ്രാതിനിദ്ധ്യമുള്ള പി.എസ്.സി ഇപ്പോൾ ഉയർന്നിട്ടുള്ള സംശയനിഴലിൽ നിന്ന് സ്വയം പുറത്തു വരേണ്ടതുണ്ട്. വധശ്രമക്കേസിലെ മുഖ്യപ്രതിയുടെ വസതിയിൽ നിന്ന് സർവകലാശാലാ ആൻസർ ബുക്കുകളും ഔദ്യോഗിക സീലുമൊക്കെ കണ്ടെടുത്തതുമായി കൂട്ടി വായിക്കുമ്പോഴാണ് കാസർകോട്ടുപോയി പരീക്ഷ എഴുതേണ്ടവർ തിരുവനന്തപുരത്തെ കേന്ദ്രങ്ങൾ ചോദിച്ചുവാങ്ങി പരീക്ഷയെഴുതി മുൻനിരയിലെത്തിയതിന് പിന്നിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളും പൊതുചർച്ചകളും പി.എസ്.സിയുടെ പാരമ്പര്യത്തിനും ഔന്നത്യത്തിനും ഒട്ടും യോജിച്ചതല്ല. ജനമനസുകളിൽ കുടിയേറിയിട്ടുള്ള സംശയങ്ങൾക്ക് തൃപ്തികരമായി മറുപടി നൽകാൻ പി.എസ്.സി തയാറാകണം. കേവലമൊരു റാങ്ക് പട്ടികയുടെ പ്രശ്നമല്ലിത്. സ്വാധീനിക്കാൻ കഴിയുംവിധം പഴുതുകളുള്ളതാണ് പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ് എന്നു വരുന്നത് വലിയ ആപത്താണ്. പ്രതികൾ റാങ്ക് പട്ടികയിൽപ്പെട്ട സംഭവത്തെക്കുറിച്ച് പി.എസ്.സി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ അവർക്ക് അഡ്വൈസ് മെമ്മോ നൽകില്ലെന്നും പി.എസ്.സി ചെയർമാൻ പറയുന്നു.പൊതുസമൂഹത്തിന് മുന്നിൽ പി.എസ്.സിയുടെ വിശ്വാസ്യത നിലനിറുത്തുക തന്നെ വേണം.