തിരുവനന്തപുരം: ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ കോളേജിൽ പരീക്ഷയുടെ ചുമതലയുള്ള ഡോ. അബ്ദുൾ ലത്തീവിനെ അന്വേഷണവിധേയമായി മാറ്റിനിറുത്താൻ കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ഡോ. സുമയുടെ നേതൃത്വത്തിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
ഇന്നും നാളെയും കോളേജിന് അവധി നൽകി. വ്യാഴാഴ്ച കോളേജ് തുറക്കുമ്പോൾ മുൻകരുതലെന്ന നിലയ്ക്ക് പൊലീസിനെ നിയോഗിക്കുമെന്ന് പ്രിൻസിപ്പൽ വിശ്വംഭരൻ അറിയിച്ചു. ശിവരഞ്ജിത്ത് അടക്കം ഏഴ് പ്രതികളെയും അനിശ്ചിതകാലത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെയാണ് അബ്ദുൾ ലത്തീവിനെ മാറ്റിനിറുത്തുക. എത്ര കെട്ട് ഉത്തരക്കടലാസുകൾ കോളേജിലെത്തി, ഏത് സീരിയൽ നമ്പരിലുള്ള ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന് ലഭിച്ചത്, യൂണിവേഴ്സിറ്റിയിൽ നിന്നാണോ കോളേജിൽ നിന്നാണോ ലഭിച്ചത് എന്നിവ അന്വേഷിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇടിമുറി ക്ളാസ് മുറിയാക്കും
എസ്.എഫ്.ഐ യൂണിറ്റ് റൂമായി ഉപയോഗിച്ചിരുന്ന കാമ്പസിലെ ഓപ്പൺ സ്റ്റേജിനു പിന്നിലുള്ള ഗ്രീൻ റൂമിനെ (ഇടി മുറി) ക്ളാസ് മുറിയാക്കും. എസ്.എഫ്.ഐ ഈ മുറി ഉപയോഗിക്കുന്നത് തടയണമെന്ന് അഞ്ച് വർഷം മുമ്പ് യുവജനകമ്മിഷൻ ശുപാർശ നൽകിയിരുന്നു. ഈ മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.