-navakeralam

തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട 'റീബിൽഡ് കേരള' കർമ പദ്ധതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രാധിപൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള നിർമ്മാണത്തിൽ കേന്ദ്രത്തെ ഒന്നിച്ചുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു ഘട്ടത്തിൽ സഹായം ലഭിച്ചില്ലെന്നു കരുതി വീണ്ടും ചോദിക്കാതിരിക്കില്ല. പ്രളയദുരന്തമുണ്ടായി ഒരു വർഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകിവരുന്നു. വീടുകളുടെ പുനർനിർമാണവും പുരോഗമിക്കുകയാണ്. നടത്തിപ്പിന്റെ കാര്യത്തിൽ വേഗത പോരെന്ന പരാതിയുണ്ട്. വേണ്ടത്ര വേഗത ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയംമൂലമുണ്ടായ ദുരന്തത്തിൽ നിന്ന് കരകയറാൻ വളരെ ശാസ്ത്രീയമായ സമീപനമാണ് കൈക്കൊണ്ടത്. ഇതിനായി ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണം തേടി. പുനരധിവാസം സമയബന്ധിതമായി തീർക്കുകയാണ് ഉദ്ദേശ്യം.

അപകടസാദ്ധ്യത കാരണം വീടുനിർമിക്കാൻ പറ്റാത്ത സ്വന്തം സ്ഥലത്ത് നിന്ന് മാറിത്താമസിക്കാൻ ചിലർ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ മാദ്ധ്യമങ്ങളും പങ്ക് വഹിക്കണം.

പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് 2019 ജനുവരി 31 വരെ 1,35,000 അപ്പീൽ ലഭിച്ചിരുന്നു. തീയതി നീട്ടിയപ്പോൾ അപ്പീൽ പ്രളയമായി. ലോറികളിൽ വന്ന് അപ്പീൽ തന്ന സംഭവമുണ്ടായി. ഒടുവിൽ രണ്ടരലക്ഷത്തോളം അപ്പീലുകളാണ് വന്നത്. ഇതിൽ അർഹതയുള്ള ആൾക്കാർ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കുംവിധം സംരക്ഷിക്കും.

ലോക ബാങ്കിന്റേതുൾപ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് 'റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം' രേഖ തയ്യാറാക്കിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിർദ്ദേശങ്ങൾ ഇനിയും ചേർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവായ നന്മയ്ക്കും വികസന കാര്യങ്ങൾക്കും ഒന്നിച്ചുനിൽക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളിൽ മാദ്ധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര പുനർനിർമാണത്തിന് 'റീബിൽഡ് കേരള' കർമപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി. വേണു യോഗത്തിൽ വിശദീകരിച്ചു. തുടർന്ന്, പത്രാധിപൻമാർ പുനർനിർമാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും പങ്കുവച്ചു. എഡിറ്റർമാരുടെ അഭിപ്രായങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിലെ പത്ര, ദൃശ്യ മാദ്ധ്യമ എഡിറ്റർമാരും മുതിർന്ന മാദ്ധ്യമപ്രവർത്തകരുമാണ് യോഗത്തിൽ സംബന്ധിച്ചത്.