ramesh-cheniithala

തിരുവനന്തപുരം: എസ്.എഫ്.ഐയെ ഗുണ്ടാ സംഘമാക്കിയ സി.പി.എം നേതൃത്വമാണ് ആ സംഘടനയുടെ അപചയത്തിന്റെ യഥാർത്ഥ പ്രതികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാനനുവദിക്കാതെ അടിച്ചൊതുക്കുകയും കോളേജ് കാമ്പസുകൾ ആയുധപ്പുരകളാക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ പൊതു വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കുകയുമാണ്. കുട്ടികളെ നിർബന്ധപൂർവം പ്രകടനങ്ങൾക്കും അതിക്രമങ്ങൾക്കും കൊണ്ടു പോകുകയാണ്. കോളേജ് ഹോസ്റ്റലുകളെ ഗുണ്ടാ താവളങ്ങളാക്കുകയാണ്. പഠിത്തം കഴിഞ്ഞാലും നേതാക്കൾ വർഷങ്ങളോളം അവിടെ തമ്പടിക്കുന്നു.

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ആയുധശേഖരം പിടിച്ചപ്പോൾ കുട്ടികളുടെ പഠനോപകരണങ്ങളാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐക്കാർ കോളേജ് പ്രിൻസിപ്പലിന് ശവമാടം ഒരുക്കിയപ്പോൾ കുട്ടികളുടെ കലാവിരുതെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്. എറണാകുളം മഹാരാജാസിൽ കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചപ്പോഴും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.