തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിനുള്ള എല്ലാ പദ്ധതികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക സഹായം നൽകുമെന്ന് ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയാനന്തര പുനർനിർമ്മാണത്തിന് 50 കോടി ഡോളറിന്റെ വികസന വായ്പയാണ് ലോകബാങ്ക് അനുവദിക്കുക. പങ്കാളിത്ത പദ്ധതിയിലൂടെ ദരിദ്രരുടെയും സമൂഹത്തിന്റെ താഴേതട്ടിലുള്ളവരുടെയും ജീവനോപാധികളും ആസ്തികളും സംരക്ഷിക്കലും സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനവുമാണ് ലക്ഷ്യമിടുന്നത്. ആദ്യഗഡുവായ 25 കോടി ഡോളർ ഉടൻ കൈമാറും. പദ്ധതി നടത്തിപ്പ് വിലയിരുത്തിയ ശേഷം ബാക്കി തുക നൽകും.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ അഡിഷണൽ സെക്രട്ടറി സമീർകുമാർ ഖാരെ, സംസ്ഥാന ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി മനോജ് ജോഷി എന്നിവർ ലോകബാങ്ക് ഇന്ത്യ കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദുമായി കരാറൊപ്പിട്ടു. ഒരു സംസ്ഥാനവുമായി ലോകബാങ്ക് പങ്കാളിത്ത കരാർ ഒപ്പിടുന്നത് ആദ്യമായാണ്.
പ്രതിരോധം ഒരുക്കും
ഇനിയൊരു പ്രകൃതിദുരന്തമുണ്ടായാൽ തകരാത്ത രീതിയിൽ കേരളത്തെ പുനർനിർമ്മിക്കും. ഇതിന് അനുസൃതമായി ഏകോപിത വാട്ടർ മാനേജ്മെന്റ്, നൂതന കൃഷിരീതി, ഗതാഗത, മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കണം. പദ്ധതികൾ നടപ്പാക്കാനുള്ള ശാസ്ത്രീയ വിവര ശേഖരണവും മൂല്യനിർണയവും ലോകബാങ്ക് സജ്ജമാക്കും. കാലാവസ്ഥാ വ്യതിയാനം, ദുരന്ത സാദ്ധ്യതകൾ എന്നിവയെ പ്രതിരോധിക്കാനുള്ള നയങ്ങൾ, സംവിധാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സജ്ജമാക്കാനാണ് മുൻഗണന.
കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോൾ പൗരന്മാരുടെ ജീവനും ജീവനോപാധികളും മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കാനാണ് ലോകബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടാസ്ക് ടീം ലീഡർ ബാലകൃഷ്‌ണ മേനോൻ പറഞ്ഞു.
ശുചിത്വ സേവനങ്ങൾ, നദീതട ആസൂത്രണം, അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിര കൃഷിരീതികൾ, കാർഷിക റിസ്ക് ഇൻഷ്വറൻസ്, മെച്ചപ്പെട്ട റോഡ് ശൃംഖലയുടെ നിർമ്മാണം, തദ്ദേശ സ്ഥാപനങ്ങളിൽ അപകടസാദ്ധ്യത അടയാളപ്പെടുത്തിയുള്ള നഗരാസൂത്രണം എന്നിവയ്ക്കാണ് ലോകബാങ്ക് സഹായം നൽകുന്നത്.