കല്ലമ്പലം : ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ കുറവ് വരുത്തുന്ന സർക്കാർ നടപടി പ്രാദേശിക ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുമെന്ന് മു൯ എം. എൽ.എ വർക്കല കഹാർ. പഞ്ചായത്തുകൾക്ക് കൈമാറേണ്ട പണമാണ് സർക്കാർ നിഷേധിക്കുന്നതെന്നും പഞ്ചായത്തുകൾക്ക് അധികാരവും ഫണ്ടും കുറഞ്ഞുപോകുന്നുവെന്നും കാണിച്ച് സമരം നടത്തിയിരുന്ന ഇടതുപക്ഷം ഭരണത്തിലെത്തിയപ്പോഴാണ് പഞ്ചായത്തുകളെ ഇത്രയധികം പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യജനാധിപത്യമുന്നണി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നാവായിക്കുളം എക്സൈസ് ഓഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം.എം. താഹ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ്, അഡ്വ. ബി. ഷാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വൈസ് പ്രസിഡന്റ് സുര്യത്ത് ബീവി, പഞ്ചായത്തംഗങ്ങളായ ആസിഫ് കടയിൽ, സന്ധ്യ മണിലാൽ, ദേവദാസ്, എ.ബി. ബിന്ദു, ജസിതാജുദ്ദീൻ, സുഗന്ധി, സിന്ധു കിഴക്കനേല, മുല്ലനല്ലൂർ മണി, എൻ.കെ.പി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.