general

ബാലരാമപുരം: അസൗകര്യത്തിന്റെ അസ്വസ്ഥതയിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ബാലരാമപുരം വില്ലേജ് ഓഫീസിന്റെ മുഖഛായ മാറുന്നു. സംസ്ഥാനത്ത് 50 വില്ലേജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാലരാമപുരം വില്ലേജിനെ സ്മാർട്ട് വില്ലേജ് ആക്കി മാറ്റാൻ റവന്യൂവകുപ്പ് 44 ലക്ഷം രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു വില്ലേജ് ഓഫീസെന്ന യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്താണ് ബാലരാമപുരത്ത് വില്ലേജിന് അനുമതി നൽകിയത്. ബാലരാമപുരം വിഴിഞ്ഞം റോഡിൽ മാർക്കറ്റിനോട് ചേർന്ന് പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നില ആയുർവേദാശുപത്രിക്കും ഒന്നാംനില വില്ലേജ് ഓഫീസിനും വിട്ടുനൽകിയിരുന്നു. നേരത്തെ അതിയന്നൂർ, ​പള്ളിച്ചൽ,​ കോട്ടുകാൽ വില്ലേജിന്റെ പരിധിയിൽ ആയിരുന്നു ബാലരാമപുരം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.

തുടക്കത്തിൽ യാതോരു സൗകര്യങ്ങളും ഇല്ലാതെയായിരുന്നു വില്ലോജോഫീസിന്റെ പ്രവർത്തനം. ജീവനക്കാർക്കിരിക്കാൻ കസേരയോ ഫയലുകൾ സൂക്ഷിക്കാൻ അലമാരയോ ഇല്ലാതെ പരിതാപകരമായിരുന്നു ഇവിടുത്തെ പ്രവർത്തനം. ഒപ്പം ടോയ്ലെറ്റ് ഇല്ലാത്തതും ജീവനക്കാർക്ക് വെല്ലുവിളിയായി. എന്നാൽ വില്ലേജോഫീസിന്റെ ദയനീയത നേരിൽക്കണ്ട എം. വിൻസെന്റ് എം.എൽ.എയുടെ ഇടപെടലോടെ വില്ലോജോഫീസിന്റെ മുഖഛായ മാറാൻ തുടങ്ങി.

ആയൂർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിതതോടെ ആശുപത്രി അവിടേക്ക് മാറ്റി. ഇപ്പോൾ വില്ലേജ് ഓഫീസ് മാത്രമാണ് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വില്ലേജോഫീസ് പണിയാൻ ബാലരാമപുരത്ത് ഇടമനക്കുഴിയിൽ 10 സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടുനൽകി. ഇവിടെ ടെൻഡർ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടത്തിന്റെ പണികൾ ആരംഭിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബാലരാമപുരത്ത് വില്ലേജോഫീസെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ബാലരാമപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അപേക്ഷകർക്ക് അതിയന്നൂർ, പള്ളിച്ചൽ, കോട്ടുകാൽ തുടങ്ങിയ വില്ലേജോഫീസിനെ ഇനി ആശ്രയിക്കണ്ട.