വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഇതിനായി ഫ്ലോട്ടിംഗ് ബാർജ് ഇന്നലെ രാവിലെ വിഴിഞ്ഞത്തെ പുതിയ വാർഫിലെത്തിച്ചു. ഇതോടെ കോസ്റ്റ് ഗാർഡന് വിഴിഞ്ഞത്ത് സ്വന്തമായി ജെട്ടിയായി. കോസ്റ്റ് ഗാർഡിന്റെ വലിയ കപ്പലുകൾ ഇവിടെ അടുപ്പിക്കാനാകും. ആദ്യം പൈലിംഗ് ജോലികളാണ് ആരംഭിക്കുന്നത്. വാർഫിൽ മുങ്ങി കിടക്കുന്ന ബ്രഹ്മേഷര ടഗ്ഗ് നീക്കം ചെയ്യാതെ ബെർത്ത് നിർമ്മാണം അനിശ്ചിതമായി നീളുന്നെന്ന വാർത്ത കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ 40 മീറ്റർ നീളത്തിൽ വാർഫുണ്ട്. ഇതിനു സമാന്തരമായാണ് പുതിയ ബെർത്ത് നിർമ്മിക്കുന്നത്. 64 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് ബെർത്ത് നിർമ്മാണം. 52 പൈലുകളാണ് ബെർത്ത് നിർമ്മാണത്തിനായി വേണ്ടിവരുന്നത്. കൊച്ചി ഇടപ്പള്ളി കേന്ദ്രമായ കെ.വി.ജെ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമാണം തുടങ്ങാനായില്ല. രണ്ടു വർഷം മുമ്പ് 8.63 കോടി രൂപ ചെലവിൽ ബെർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. വർഷങ്ങളായി പുതിയ വാർഫിൽ തുടർന്നിരുന്ന മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര നവംബർ 28ന് പുലർച്ചെ മുങ്ങിയതോടെ ഇതിൽ സൂക്ഷിച്ചിരുന്ന ഡീസൽ കടലിൽ പരന്നിരുന്നു. തുറമുഖ വകുപ്പിന്റെയും തീരസംരക്ഷണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു. അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിനും ഉയർത്തുന്നതിനും പോർട്ട് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിരുന്നു. നാലു തവണ ഇ - ടെൻഡർ വിളിച്ചിരുന്നെങ്കിലും യോഗ്യരായവർ എത്തിയില്ല. 2015ൽ തൂത്തുക്കുടിയിൽ കല്ല് കയറ്റി മാലിയിലെത്തിച്ച ശേഷം തിരികെ മടങ്ങവെ പാറയിൽ തട്ടി ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ ടഗ്ഗ് അടുപ്പിക്കുകയായിരുന്നു.
ടഗ്ഗ് ഇതുവരെയും ഉയർത്താൻ കഴിഞ്ഞിട്ടില്ല. തടസമില്ലാത്ത ഭാഗത്തുനിന്ന് പൈലിംഗ് ജോലികൾ തുടങ്ങുമ്പോഴേക്കും ടഗ്ഗ് മാറ്റാനുള്ള നടപടികൾ ഉണ്ടാകും - അധികൃതർ
2 വർഷം മുമ്പ് ചെലവിട്ടത് 8.63 കോടി
ബെർത്ത് നിർമ്മാണം - 64 മീറ്റർ നീളം 8 മീറ്റർ വീതി
വേണ്ടിവരുന്നത് 52 പൈലുകൾ