തിരുവനന്തപുരം: നിരവധി പ്രഗത്ഭരെ വാർത്തെടുത്ത യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് സി.പി.എം ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും രാവണൻകോട്ടയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ കെ.എസ്.യു പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ അദ്ധ്യാപകർ പോലും മുൻപന്തിയിലുണ്ടായിരുന്നെന്നും, ഇത് അവിടത്തെ അദ്ധ്യാപകരുടെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. നൂറോളം പൊലീസുകാർ ആറ് കെ.എസ്.യു പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ സന്തോഷിപ്പിക്കാൻ കെ.എസ്.യു പ്രവർത്തകർക്കു മേൽ പൊലീസ് കുതിര കയറുന്നത് തീക്കളിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഭരണകൂട ഭീകരതയും പാർട്ടി ഭീകരതയും പൊലീസ് രാജുമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. സർ സി.പി നാടുവണ അനന്തപുരിയിൽ അതേ മോഡലിൽ വാഴാമെന്ന് മുഖ്യമന്ത്രി കരുതുന്നത് മൗഢ്യമാണ്. കാമ്പസുകളെ ക്രിമിനലുകളിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ പോരാട്ടം നടത്തണമെന്നും സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളും പ്രതികരിച്ചില്ലെങ്കിൽ നാളെ കനത്ത വില നൽകേണ്ടിവരുമെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ തുടർന്നു.