തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി മൂന്നാം അലോട്ട്മെന്റിലേക്കും ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്കും പ്രവേശനത്തിന് ഇന്ന് പകൽ ഒരു മണി വരെയേ ഓപ്ഷൻ നൽകാനാവൂ.
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റിനും16ന് പകൽ ഒന്ന് വരെയാണ് ഓപ്ഷൻ രജിസ്ട്രേഷൻ. എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലേക്ക് 17നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 18മുതൽ 22ന് വൈകിട്ട് 4വരെ ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടാം. 22ന് വൈകിട്ട് 5ന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രിൻസിപ്പൽമാർ ഓൺലൈൻ അഡ്‌മിഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ അറിയിക്കണം.
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റ് 17നാണ് പ്രസിദ്ധീകരിക്കുക. 18മുതൽ 22ന് വൈകിട്ട് 4വരെ ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടാം. പരിയാരം, തൃപ്പൂണിത്തുറ, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജുകളിലും കോട്ടയ്ക്കൽ, ഒല്ലൂർ വൈദ്യരക്തനം എയ്ഡഡ് കോളേജുകളിലും 12,000 രൂപയാണ് ഫീസ്. പതിനൊന്ന് സ്വാശ്രയ കോളേജുകളിൽ 1,99,415 രൂപയാണ് ഫീസ്. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിലും ചോറ്റാനിക്കര ഡോ.പടിയാർ, കോട്ടയം ആതുരാശ്രമം, നേമം ശ്രീവിദ്യാധിരാജ എയ്ഡഡ് കോളേജുകളിലും 2087രൂപയാണ് ഫീസ്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ 1,89,000രൂപയാണ് ഫീസ്. കോഴിക്കോട് പുതുപ്പാടി മർക്കസ് യുനാനി മെഡിക്കൽ കോളേജിൽ 1.89ലക്ഷമാണ് ഫീസ്. എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ കോളേജ് തിരിച്ചുള്ള ഫീസ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. സ്വാശ്രയ ആയുർവേദ, സിദ്ധ, യുനാനി മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ, കോടതി നിർദ്ദേശപ്രകാരം ഫീസ് വർദ്ധിപ്പിച്ചാൽ അത് നൽകാമെന്ന് പ്രിൻസിപ്പലിന് ബോണ്ട് നൽകണം. സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്കുള്ള അവസാനത്തെ കേന്ദ്രീകൃത അലോട്ട്മെന്റായിരിക്കും ഇത്. വിശദവിവരങ്ങൾ www.cee-kerala.org വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 2339101, 2339102, 2339103, 2339104, 2332123