ചിറയിൻകീഴ്: ഒാവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിലിടിച്ച് ഡ്രൈവറടക്കം പതിന്നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ചിറയിൻകീഴ് - ആറ്റിങ്ങൽ റൂട്ടിൽ പുരവൂർ ജംഗ്ഷന് സമീപത്താണ് സംഭവം. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഓടയും സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് നിന്നത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ചിറയിൻകീഴ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.