വർക്കല: ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാപനാശത്ത് സാഹസിക ടൂറിസം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സഞ്ചാരികൾ. കഴിഞ്ഞ 10 വർഷത്തിലേറെയായി ഇവിടെ നടന്നിരുന്ന പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ പൊലീസ് വിലക്കിയിരുന്നു. വിനോദ സഞ്ചാര വ്യവസായത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്. ഫ്രാൻസ് സ്വദേശി ഓഹല്യാൻ സ്കോട്ട് എന്ന പൈലറ്റിന്റെ നേതൃത്വത്തിലാണ് ഇവിടെ പാരാഗ്ലൈഡിംഗ് പരിശീലനം നടന്നിരുന്നത്.
അന്തർദ്ദേശീയ ലൈസൻസുള്ള ഇയാൾക്ക് ഈ രംഗത്ത് 18 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. എന്നാൽ ഈ ലൈസൻസ് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സാഹസിക വിനോദത്തിന് പൊലീസ് അനുമതി നിഷേധിച്ചത്. സംസ്ഥാനത്ത് ഇതിന് ലൈസൻസ് നൽകാനുള്ള സംവിധാനവുമില്ല. ഈ സാഹചര്യത്തിൽ പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ പാപനാശത്ത് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അഡ്വൈഞ്ചർ ടൂറിസം വിലക്കുന്നത് വർക്കലയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾക്ക് മങ്ങലേല്പിക്കുമെന്നാണ് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
സാഹസിക വിനോദത്തിന് അനുയോജ്യം
----------------------------------------------------------------
പാരാഗ്ലൈഡിംഗ്, സർഫിംഗ്, കയാക്കിംഗ്, സ്റ്റാൻഡപ്പ് പെഡൽ (എസ്.യു.പി) തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമാണ് പാപനാശം മേഖലയെന്ന് സതേൺ വ്യോമ കമാൻഡ് വിലയിരുത്തിയിട്ടുണ്ട്. കാപ്പിൽ മേഖലയിൽ എല്ലാവർഷവും സതേൺ വ്യോമകമാൻഡ് ജലസാഹസിക പരിശീലന ക്യാമ്പും പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദ പരിശീലനവും നടത്തുന്നുണ്ട്. നിരവധി വിനോദസഞ്ചാരികൾ പാപനാശത്ത് പാരാഗ്ലൈഡിംഗിലും സർഫിംഗിലും പരിശീലനം നടത്തിയിട്ടുണ്ട്. കായിക്കര തീരത്താണ് പ്രധാനമായും കയാക്കിംഗ് പരിശീലനം നടക്കുന്നത്. സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള സ്റ്റാൻഡപ്പ് പെഡൽ എന്ന വിനോദ പരിപാടിക്ക് കാപ്പിൽ, അഞ്ചുതെങ്ങ് കായലുകൾ ഏറെ അനുയോജ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
പ്രതിവർഷം വർക്കലയിലെത്തുന്ന
വിദേശ ടൂറിസ്റ്റുകൾ - 50,000
പാപനാശത്ത് പാരാഗ്ലൈഡിംഗ് നടത്തുന്ന കാര്യത്തിൽ അനുകൂല നടപടികൾ സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും.
-വി. ജോയ് എം.എൽ.എ