cm

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമ്മാണം ലക്ഷ്യമാക്കി സംഘടിപ്പിച്ച വികസന സംഗമം വിവിധ ദേശീയ, അന്തർദ്ദേശീയ നിക്ഷേപ,വികസന ഏജൻസികളുടെ ഒത്തുചേരലിനും ചർച്ചകൾക്കും വേദിയായി.. കോവളം ലീലാ റാവീസിൽ ഇന്നലെ വൈകിട്ട് നടന്ന സംഗമത്തിൽ . മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ജലവിഭവ മാനേജ്മെന്റ്,ജീവനോപാധി, കൃഷി, മത്സ്യബന്ധനം, വനം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിൽ ഊന്നിയുള്ള പദ്ധതികളാണ് ചർച്ച ചെയ്തത്.ചീഫ് സെക്രട്ടറി ടോംജോസ് നവകേരള നിർമ്മാണ കർമ്മപദ്ധതി വിശദീകരിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത (ജലവിഭവം), ടി.കെ. ജോസ് (തദ്ദേശസ്വയംഭരണം), ദേവേന്ദ്രകുമാർ സിംഗ് (കൃഷി), സത്യജീത് രാജൻ (വനംവന്യജീവി), പ്രിൻസിപ്പൽ സെക്രട്ടറിമാരായ കമലവർധന റാവു (പൊതുമരാമത്ത്), കെ. ആർ. ജ്യോതിലാൽ (ഗതാഗതം, മത്സ്യബന്ധനം) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, കെ.എഫ്.ഡബ്ല്യു ബാങ്കൻഗ്രൂപ്പ് (കെ.എഫ്.ഡബ്ല്യു), ജപ്പാൻ ഇന്റർനാഷണൽ കോ ഓപറേഷൻ എജൻസി (ജിക്ക), ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (ഡി.ഐ.എഫ്.ഡി), ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസി (എ.എഫ്.ഡി), യു.എൻ.ഡി.പി, ജർമൻ ഡെവലപ്‌മെന്റ് എയ്ഡ് (ജി.ഐ.ഇസഡ്), ഹഡ്‌കോ, റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്), ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് ,ബിൽ ആൻഡ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ടാറ്റാ ട്രസ്റ്ര് തുടങ്ങിയവ വികസന പങ്കാളികൾ പങ്കെടുത്തു.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഏതൊക്കെ മേഖലകളിൽ സാദ്ധ്യമായ വിഭവ സമാഹരണവും സാമ്പത്തിക സഹായവും ലഭ്യമാക്കാനാവുമെന്ന് വിലയിരുത്തി. റീബിൽഡ് കേരള ഇനിഷ്യേ​റ്റീവ് സി.ഇ.ഒ ഡോ. വി.വേണു കേരള പുനർനിർമാണ പദ്ധതിയും പ്രളയാനന്തര ആവശ്യകതകളും വിശദീകരിച്ചു.

മന്ത്രിമാരായ ജി.സുധാകരൻ, സി.രവീന്ദ്രനാഥ്, ജെ.മേഴ്സിക്കുട്ടിയമ്മ,കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ, ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, കെ.രാജു, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി തല ചർച്ചകൾ തുടർന്ന് നടത്താനും തീരുമാനിച്ചു.