തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വിദ്യാർത്ഥി - യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജ്,​ കേരള സർവകലാശാല ഓഫീസ്,​ സെക്രട്ടേറിയറ്റ്,​ പി.എസ്.സി ഓഫീസ് എന്നിവിടങ്ങളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പലയിടങ്ങളിൽ മാർച്ച് സംഘർഷത്തിലാണ് അവസാനിച്ചത്. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ച് പൊലീസ് ഏജീസ് ഓഫീസിന് മുന്നിൽ തടഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അശ്റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷെബീർ ആസാദ്, സിയാദ് തൊളിക്കോട്, ഇർഷാദ് കന്യാകുളങ്ങര, വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, നിസാർ സലീം, കരമന ജലീൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. ശേഷം ബാരിക്കേഡ് തള്ളിമറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ജില്ലാ സെക്രട്ടറി ഷെബീർ ആസാദ് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.

എ.ഐ.ഡി.എസ്.ഒയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സമാധാനപരമായി കടന്നുപോയി. തുടർന്നെത്തിയ യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഏജീസ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ വീണ് യുവമോർച്ച സംസ്ഥാന സമിതിയംഗം മഹേഷിന്റെ പല്ല് പോയി.

കെ.എസ്.യു പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് എൻ.എസ്.യു ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ജെ.എസ്. അഖിൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സെയ്ദാലി അദ്ധ്യക്ഷത വഹിച്ചു. ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് മുറിയിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതോടെ കെ.എസ്.യു പ്രവർത്തകർ വൈകിട്ട് കോളേജ് കാമ്പസിനുള്ളിൽ കയറി പ്രതിഷേധിക്കാൻ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌ത് മാറ്റി.

ക്രിമിനൽ കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു. പി.എസ്.സി ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് പി.എസ്.സി ചെയർമാന് പരാതി നൽകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു.