തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലത്തിൽ കോളേജിൽ എസ്.എഫ്.ഐ അഡ്ഹോക്ക് കമ്മിറ്റിക്ക് ഇന്ന് രൂപം നൽകും. രാവിലെ 11ന് പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിൽ ചേരുന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിക്കുക. കമ്മിറ്റിയുടെ കൺവീനറായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ എ.ആർ. റിയാസിനെ പരിഗണിക്കുന്നതായാണ് സൂചന. യൂണിവേഴ്സിറ്റി കോളേജിലെ പി.ജി. മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയാണ് റിയാസ്. ജോ. കൺവീനറായി ജില്ലാ കമ്മിറ്റി അംഗം വീണയെ പരിഗണിക്കുമെന്നാണ് സൂചന. മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് വീണ. കോളേജിലെ വിവിധ വിഭാഗത്തിലെ കൺവീനർമാർ,​ കോളേജിലെ വിദ്യാർത്ഥികളായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി,​ ഏരിയാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിയാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകുന്നത്. ജില്ലാകമ്മിറ്റി നേരിട്ടായിരിക്കും പ്രവർത്തനങ്ങൾ വിലയിരുത്തുക. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പുതിയ കമ്മിറ്റി രൂപീകരിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. 2006ലാണ് ഇതിന് മുമ്പ് യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.