തിരുവനന്തപുരം: സാങ്കേതിക തകരാർ കാരണം ഇന്നലെ പുലർച്ചെ ഉപേക്ഷിക്കേണ്ടിവന്ന ചന്ദ്രയാൻ-2 വിക്ഷേപണം വീണ്ടും നടത്താൻ രണ്ടാഴ്ചയിലധികം വേണ്ടിവരുമെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിന്റെ വിക്ഷേപണം ആഗസ്റ്റിലേക്കു മാറുന്നതോടെ ഐ.എസ്. ആർ.ഒ.യുടെ ഇൗ വർഷത്തെ മറ്റ് വിക്ഷേപണങ്ങളും വൈകും.
വിക്ഷേപണം പരാജയപ്പെടുന്നതിനേക്കാൾ, കുറച്ചു ദിവസം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നാണ് ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായമെന്ന് ഐ.എസ്.ആർ.ഒ വക്താവ് ഗുരുദാസ് പറഞ്ഞു. അവസാനനിമിഷം വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നത് ഐ.എസ്.ആർ.ഒയ്ക്ക് അഭിമാനക്ഷതമുണ്ടാക്കിയെങ്കിലും പരാജയപ്പെട്ടാലുള്ള ദുരന്തം അതിലും വലുതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
കൗണ്ട് ഡൗണിന്റെ അവസാനഘട്ടത്തിൽ പുലർച്ചെ 1.34 ന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ദൗത്യം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വിക്ഷേപണം വീണ്ടും നടത്തണമെങ്കിൽ പിഴവു സംഭവിച്ചത് എവിടെയെന്ന് കൃത്യമായി കണ്ടെത്തി പരിഹരിക്കണം.പാളിച്ച ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണം. ക്രയോ സ്റ്റേജിൽ നിറച്ച ഇന്ധനം തിരിച്ചെടുക്കണം. ഇതിനെല്ലാം കൂടി പത്തു ദിവസമെങ്കിലും വേണം. തകരാർ ഗുരുതരമാണെങ്കിൽ വിക്ഷേപണം കൂടുതൽ നീട്ടിവയ്ക്കേണ്ടി വരുമെന്നും ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ അറിയിച്ചു.
വിക്ഷേപണ റോക്കറ്റിലാണ് പിഴവെന്നതിനാൽ ചന്ദ്രയാൻ- 2 ദൗത്യത്തെ ഇത് ബാധിക്കില്ല. മൂന്ന് പരീക്ഷണ വിക്ഷേപണങ്ങൾ മാത്രം നടത്തിയ വിക്ഷേപണ വാഹനമാണ് ജി.എസ്.എൽ.വി മാർക്ക് ത്രീ. ബഹിരാകാശത്ത് 170 കിലോമീറ്ററിന് അപ്പുറത്തേക്ക് പേടകത്തെ എത്തിക്കുക മാത്രമാണ് റോക്കറ്റിന്റെ ദൗത്യം. 978 കോടിരൂപയാണ് വിക്ഷേപണച്ചെലവ്.
ഇന്നലെ സംഭവിച്ചത്
വിക്ഷേപണം നടക്കേണ്ടിയിരുന്നത് പുലർച്ചെ 2.51 ന്
1.34 ന് സാങ്കേതിക തകരാർ കണ്ടെത്തി
പ്രശ്നം റോക്കറ്റിന്റെ ഇന്ധന ടാങ്കിലെ അതിമർദ്ദം
ഇന്ധനം ദ്രവീകൃത ഒാക്സിജനും ഹൈഡ്രജനും
ഇന്ധനം നിറച്ചാൽ അധികനേരം ടാങ്കിൽ സൂക്ഷിക്കില്ല.
ഒരു മണിക്കൂറിനകം വിക്ഷേപണം നടക്കണം.
അതിസമ്മർദ്ദം അസ്വാഭാവികമെന്ന് റിവ്യൂ കമ്മിറ്റി
വിക്ഷേപണം മാറ്രാൻ തീരുമാനം.