psc

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് പട്ടികയിൽ ആദ്യ സ്ഥാനക്കാരായതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതുവരെ ഇരുവർക്കും നിയമന ശുപാർശ അയയ്ക്കുന്നത് മരവിപ്പിക്കുമെന്നും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്.

ശിവരഞ്ജിത്തിന് ഗ്രേസ് മാർക്ക് ലഭിച്ച സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ ആധികാരികതയും എഴുതിയ മറ്റ് പി.എസ്.സി ടെസ്റ്റുകളുടെ റാങ്ക് ലിസ്റ്റിൽ ഇയാൾ ഉൾപ്പെടാതിരുന്നതും പരിശോധിക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ പരീക്ഷകളിലാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തത്.

റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പൊലീസ് വെരിഫിക്കേഷനുണ്ടാകാറില്ല. ക്രിമിനൽ കേസുണ്ടെങ്കിൽ നിയമനം നിരസിക്കാൻ സർക്കാരിന് അധികാരമുണ്ട്. സർക്കാർ അറിയിച്ചാൽ നിയമന ശുപാർശ റദ്ദാക്കും. ജൂലായ് ഒന്നിനാണ് റാങ്ക് പട്ടിക നിലവിൽ വന്നത്. നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കും.

പരീക്ഷയിൽ ആർക്കും ഇടപെടാനാകില്ല

പ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ പി.എസ്‌.സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണം ചെയർമാൻ തള്ളി. പ്രതികളായിട്ടുള്ളവർക്കോ മറ്റ് അപേക്ഷകർക്കോ പി.എസ്.സി പരീക്ഷാ സംവിധാനത്തിൽ ഇടപെടാൻ സാധിക്കില്ല. ആരോപിതർ പഠിക്കുന്ന കോളേജിൽ അവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ല. കാസർകോട് നാലാം ബറ്റാലിയനിൽ മറ്റേതു ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. ജില്ലാതല ഓപ്ഷൻ കൊടുക്കാൻ സൗകര്യമുണ്ട്. അതുപ്രകാരം 2989 പേരാണ് തിരുവനന്തപുരം ജില്ലയിൽ ഓപ്ഷൻ കൊടുത്തത്. ആരോപിക്കപ്പെട്ട മൂന്നു വ്യക്തികളും പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയും ചിറയിൻകീഴ് താലൂക്കുമാണ്.
ശിവരഞ്ജിത്തിന്റെ സ്‌പോ‌ർട്സ് സർട്ടിഫിക്കറ്റ് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി നിയമാനുസൃതം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി, ഇന്റർ കൊളീജിയറ്റ് ഹാൻഡ്‌ബാൾ ടൂർണമെന്റിൽ ഒന്നാംസ്ഥാനം നേടിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അർഹമായ ഗ്രേസ് മാർക്ക് നൽകുകയായിരുന്നു.

പ്രതികൾ പരീക്ഷയെഴുതിയത്

വെവ്വേറെ സെന്ററുകളിൽ

ശിവരഞ്ജിത്ത് പൊലീസ് പരീക്ഷയെഴുതിയ രജിസ്റ്റർ നമ്പർ 555683 ആണ്. ആറ്റിങ്ങൽ വഞ്ചിയൂർ ഗവ. യു.പി സ്‌കൂളായിരുന്നു സെന്റർ. നസീം 529103 എന്ന രജിസ്റ്റർ നമ്പരിൽ തൈക്കാട് ഗവ. കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിലാണ് പരീക്ഷയെഴുതിയത്. ശിവരഞ്ജിത്തിന് 78.33 മാർക്കാണ് ലഭിച്ചത്. സ്‌പോർട്സിലെ വെയിറ്റേജായി 13.58 മാർക്ക് ഉൾപ്പെടെ 91.91 മാർക്കായി. നസീമിന് 65.33 മാർക്കാണ് ലഭിച്ചത്.