തിരുവനന്തപുരം: ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥിപ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ അടിത്തറയിൽ എന്തോ പ്രശ്നമുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിൽ വി.എസ്. അച്യുതാനന്ദന്റെ വിമർശനം.
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ല. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കൈയിൽ ആശയങ്ങളാണ് വേണ്ടതെന്നും
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെക്കുറിച്ച് പേരെടുത്തു പറയാതെ വി.എസ്. പറഞ്ഞു.
അടിത്തറയിലെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്പില്ലെന്നു വേണം ഉറപ്പിക്കാൻ. ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കിൽ തിരുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവന്നേ തീരൂ. ഇപ്പോൾ അറസ്റ്റിലായവരും പൊലീസ് തിരയുന്നവരും ഇത്രകാലം പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണെന്നും വി.എസ് പറഞ്ഞു.
തിരുവനന്തപുരം ആർട്സ് കോളേജിൽ എസ്.എഫ്.ഐയുടെ പഠനോത്സവം പരിപാടി ഉദ്ഘാടനം ചെയ്യാൻ ആരോഗ്യപരമായ കാരണങ്ങളാൽ സാധിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു പഠനോത്സവം പരിപാടിയെ പ്രകീർത്തിച്ചും, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ വിമർശിച്ചും വി.എസിന്റെ പോസ്റ്റ്.