kerala-university

തിരുവനന്തപുരം: യൂണിവേഴ്‌സി​റ്റി കോളേജ് വിദ്യാർത്ഥി അഖിലിന്റെ നെഞ്ചിൽ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റ വീട്ടിൽ നിന്ന് സർവകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പ്രോ വൈസ്ചാൻസലറും പരീക്ഷാകൺട്റോളറും അന്വേഷിക്കുമെന്ന് വൈസ്ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ള പറഞ്ഞു.

ഓരോ കോളേജിനും നൽകിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തും. ഉത്തരക്കടലാസ് വിദ്യാർഥിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവം ഗൗരവതരമാണ്. സംഭവത്തിൽ യൂണിവേഴ്‌സി​റ്റി കോളേജിന് വീഴ്ച സംഭവിച്ചു. 250ഓളം പരീക്ഷാകേന്ദ്രങ്ങളിൽ നേരത്തേ ഉത്തരക്കടലാസുകൾ എത്തിക്കുന്നതാണ് പതിവ്. കുറവു വരുന്നതിനനുസരിച്ച് പിന്നീട് എത്തിക്കും..

ഉത്തരക്കടലാസ് സംബന്ധിച്ച് പരീക്ഷാ കൺട്രോളർ ആഡി​റ്റിംഗ് നടത്തുന്നുണ്ട്.
മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും ഉത്തരക്കടലാസുകളുടെ സ്​റ്റോക്കെടുക്കും. സർക്കാർ കോളേജുകളിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ സർവകലാശാലയ്ക്ക് പരിമിതികളുണ്ട്. നടപടിയെടുക്കേണ്ടത്‌ കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ്. യൂണിവേഴ്‌സി​റ്റി കോളേജിൽ സമീപകാലത്ത് നടന്ന പരീക്ഷകൾ പരിശോധിക്കും. കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി തന്നെ നേരിൽ കണ്ട് കോളേജ് മാ​റ്റം ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. എഴുതാൻ കഴിയാത്ത പരീക്ഷ പുതിയ കോളേജിൽ എഴുതാനുള്ള സൗകര്യവും ചെയ്തുകൊടുത്തു.

സർവകലാശാല കായിക വിദ്യാഭ്യാസ ഡയറക്ടറുടെ സീൽ നഷ്ടപ്പെട്ടിട്ടില്ല. സീൽ വ്യാജമായി ഉണ്ടാക്കിയതാവാം. ഈ വർഷം സ്‌പോർട്‌സ് ക്വോട്ട പ്രവേശനവും സർവകലാശാല നേരിട്ടാണ് നടത്തിയത്. സർട്ടിഫിക്ക​റ്റുകളുടെ സത്യസന്ധത സർവകലാശാല കായിക വിഭാഗത്തിലെ വിദഗ്ദ സമിതിയാണ് പരിശോധിച്ചതെന്നും വൈസ്ചാൻസലർ പറഞ്ഞു.

ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നിന്ന സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്‌സി​റ്റി പരീക്ഷാപേപ്പറുകളുടെ കെട്ടുകളും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെ​റ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലുമാണ് കണ്ടെടുത്തത്.