തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുടെ രണ്ടുമാസം നീളുന്ന ചാതുർമാസ്യ വ്രതം ഇന്ന് തുടങ്ങും. മുഞ്ചിറമഠത്തിലെ മൂപ്പിൽ സ്വാമിയാർ കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീർഥ, പുഷ്പാഞ്ചലി സ്വാമിയാരായി ചുമതലയേറ്റെടുത്തശേഷമുള്ള മൂന്നാമത്തെ വ്രതമാണിത്. മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിന് സമീപത്തെ പുരാതനമഠത്തിലാണ് വ്രതാചരണം. സേവാഭാരതിയുടെ നേതൃത്വത്തിൽ അനന്തശായി ബാലസദനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വ്രതവുമായി ബന്ധപ്പെട്ട പൂജകൾക്ക് ബാലസദനത്തിന്റെ പ്രവർത്തകർ തടസം നിൽക്കരുതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ 48 ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിന് കാർത്തികതിരുനാൾ രാജാവ് 1789ൽ നൽകിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. 1992 വരെ മഠാധിപതിയുണ്ടായിരുന്നു. നിലവിലെ സ്വാമിയാർ 2016 ലാണ് മഠാധിപതിയായത്. ഈ കാലയളവിൽ കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിലുള്ള മുഞ്ചിറമഠവും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഠവും അന്യാധീനമാകുന്ന സ്ഥിതിയിലെത്തി. എല്ലാസന്യാസിമാരും കർക്കടകത്തിൽ നടത്തുന്ന വ്രതമാണ് ചാതുർമാസ്യം. കുഴിത്തുറ മഠത്തിൽ കഴിഞ്ഞ വർഷം ചാതുർമാസ്യത്തിനുപോയ സ്വാമിയാർക്ക് കടുത്ത എതിർപ്പ് നേരിടേണ്ടിവന്നിരുന്നു. മഠത്തിന്റെ സ്വത്ത് കൈവശപ്പെടുത്തിയ പ്രാദേശികസംഘമാണ് പൊലീസിന്റെ സഹായത്തോടെ തടസമുണ്ടാക്കിയത്. പിന്നീട് പദ്മനാഭസ്വാമിക്ഷേത്രം ഭരണസമിതി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി കന്യാകുമാരി എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമിയാർക്ക് പൂജ നടത്താനായി. മിത്രാനന്ദപുരത്തെ മഠവും 1980 മുതൽ സനാതനധർമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ കൈവശമാണെന്ന് സ്വാമിയാർ പറഞ്ഞു. ഇപ്പോൾ തെക്കേനടയിലെ കൊട്ടാരം വക സ്ഥലത്ത് താമസിച്ചാണ് സ്വാമിയാർക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുന്നത്. ബാലസദനത്തിന്റെ പ്രവർത്തനത്തിന് മറ്റൊരു സ്ഥലം നൽകാനും ആവശ്യമായാൽ അന്തേവാസികളെ സംരക്ഷിക്കാനും മഠം തയ്യാറാണെന്നും സ്വാമിയാർ അറിയിച്ചു.