തിരുവനന്തപുരം: ലോകബാങ്ക് വികസന പങ്കാളിത്തം നൽകുന്ന ഇന്ത്യൻ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ഉയർന്നതായി ഇന്നലെ കോവളം ലീലാ റാവീസിൽ നടന്ന രാജ്യാന്തര വികസന പങ്കാളി സംഗമത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഗമത്തിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വളരുന്ന കേരളത്തിൽ നിക്ഷേപം നടത്താനുള്ള താത്പര്യം ലോകബാങ്ക് പ്രതിനിധി ആവർത്തിച്ച് വ്യക്തമാക്കിയ സംഗമം വൻ വിജയമായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകബാങ്ക് , എ .ഡി .ബി, ജെ .ഐ .സി. എ, കെ. എഫ് .ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് എന്നിവ കേരള പുനർനിർമാണത്തിനുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു. നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഐ .എഫ്. ഡി. സി ഫൗണ്ടേഷൻ എന്നിവയും പദ്ധതികൾക്ക് സഹായം വാഗ് ദാനം ചെയ്തു. ദേശീയ, രാജ്യാന്തര ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും കേരളത്തിന് ലഭിക്കും..
പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലും സഹായമെത്തിക്കുന്നതിനും കേരള ജനതയും സർക്കാരും മുന്നിട്ടിറങ്ങിയ അനുഭവവും ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായങ്ങളും സംഗമത്തിൽ വിവരിച്ചു. . ഇതുവരെ എന്ത് ചെയ്തുവെന്നല്ല, ഇനി എന്ത് ചെയ്യാനുണ്ടെന്നതിന്റെ അന്വേഷണമാണ് പ്രധാനമായും നടന്നത്.ദുരന്ത സാദ്ധ്യതകൾ നേരിടാൻ തക്കവിധം കേരളത്തെ പുനർനിർമിക്കുകയെന്ന ആശയമാണ് സംഗമം മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.