തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ പാളയത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലും പൊലീസ് റെയ്ഡ് നടത്തി. ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച പുലർച്ചെ ഒന്നര വരെ നീണ്ട റെയ്ഡിൽ ഇരുമ്പുദണ്ഡുകൾ, ഹാമർ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് ഡി.സി.പി. പറഞ്ഞു. അക്രമത്തിനു ശേഷം പ്രതികളെ ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും കണ്ടതായി ചിലർ ആരോപിച്ചിരുന്നു. ഇതു ആക്ഷേപത്തിന് ഇടയായതോടെയാണ് പരിശോധന നടത്തിയത്. നാലു പൊലീസ് ബസുകളിലും ജീപ്പുകളിലുമായി നൂറോളം പൊലീസുകാരാണ് മെൻസ് ഹോസ്റ്റലിൽ പരിശോധനയ്ക്കു കയറിയത്.സംഘർഷ സാദ്ധ്യത കണക്കിലെടുത്തായിരുന്നു ഇത്രയും വലിയ സന്നാഹം. മാദ്ധ്യമങ്ങളെ തടയാൻ വേണ്ടി മാത്രം ഇരുപതോളം ഉദ്യോഗസ്ഥരെ പുറത്തു നിറുത്തിയിരുന്നു. കന്റോൺമെന്റ് എ.സി, സി.ഐ ഉൾപ്പടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. അതിനിടെ, അക്രമസംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽകണ്ട് തലസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിന് രാപകൽ സായുധ സുരക്ഷ ഏർപ്പെടുത്തി.