വിജയങ്ങൾ മാത്രമല്ല, ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നത് വിജയത്തേക്കാൾ തിളക്കമേറിയ ചില പരാജയങ്ങൾ ആരാധക ഹൃദയങ്ങളിൽ ചിലരെ ചാമ്പ്യന്മാരാക്കും. കഴിഞ്ഞ രാത്രി ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ളണ്ടും വിംബിൾഡൺ ടെന്നിസിൽ നൊവാക്ക് ജോക്കോവിച്ചും സാങ്കേതികമായി ചാമ്പ്യന്മാരായപ്പോഴും കായിക പ്രേമികളുടെ ഹൃദയം കവരുന്നതിൽ ജേതാക്കളായത് ന്യൂസിലൻഡ് ടീമും റോജർ ഫെഡററുമാണ്. ലോഡ്സിലും ആൾ ഇംഗ്ളണ്ട് ക്ളബിലുമായി പത്തരമാറ്റ് തിളക്കമുള്ള പരാജയങ്ങളാണ് അവർ രചിച്ചത്.
കിരീടമില്ലാത്ത കിവി രാജാക്കന്മാർ
അൻസാർ എസ്. രാജ്
ചരിത്രത്തിലാദ്യമായി ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം ഏറ്റുവാങ്ങുമ്പോൾ തൊട്ടപ്പുറത്ത് നിറമിഴികളോടെ നിന്ന ന്യൂസിലൻഡ് ടീമും സംയുക്ത ജേതാക്കളായി ആ കിരീടത്തിൽ ഉമ്മവയ്ക്കാൻ യോഗ്യരായിരുന്നില്ലേ? 12-ാമത് ലോകകപ്പിന് കൊടിയിറങ്ങുമ്പോൾ ആരാധക മനസ്സുകളിൽ ഈ ചോദ്യം അലയടിച്ചുകൊണ്ടേയിരിക്കുന്നു.
100 നിശ്ചിത ഓവറുകളിലും രണ്ട് സൂപ്പർ ഓവറുകളിലുമായി നടന്ന കളിയിൽ തീരുമാനിക്കാൻ കഴിയാതിരുന്ന ജേതാവിനെ ബൗണ്ടറികളിലൂടെ തിരഞ്ഞെടുത്തതിന്റെ സാംഗത്യം തന്നെ ക്രിക്കറ്റ് ലോകത്ത് ചോദ്യം ചെയ്യപ്പെടുന്നു. മഴ നിയമം കൊണ്ട് വിജയത്തിലേക്ക് ഇരച്ചെത്തിയ ടീമിനെ തോൽപ്പിച്ച ചരിത്രം ലോകകപ്പിനുണ്ട്. അതുപോലെ ന്യായം നടപ്പിലാക്കാൻ നോക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് കിവീസിനും സംഭവിച്ചതെന്ന് ചിന്തിക്കുന്നവർ കുറവല്ല. വിജയിയെ നിശ്ചയിക്കാൻ റൺറേറ്റും റൗണ്ട് റോബിൻ ലീഗിലെ നേർക്കുനേർ പോരാട്ട ഫലവും നഷ്ടമായ വിക്കറ്റുകളുടെ എണ്ണവുമൊക്കെയായി പരിഗണിക്കാൻ കുറച്ചുകൂടി നീതികരണമുള്ള ഘടകങ്ങൾ മറ്റു പലതുമുണ്ടായിരിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണംകൊണ്ട് ന്യൂസിലൻഡ് ബൗണ്ടറിക്കപ്പുറത്തേക്ക് പോകുന്നത് എങ്ങനെ ആരാധകഹൃദയങ്ങൾ തകർക്കാതിരിക്കും?
ഈ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പതിവ് ലോകകപ്പ് ഫൈനലുകൾപോലെ ഏകപക്ഷീയമായ ഒരു മത്സരമായിരുന്നില്ല ലോഡ്സിലേത്. ഒട്ടും വിട്ടുകൊടുക്കാത്ത രണ്ട് ടീമുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നിശ്ചിത 50 ഓവറുകളിലും സൂപ്പർ ഓവറിലും സ്കോർ തുല്യമായി എന്ന അപൂർവ്വതയ്ക്ക് ഈ ലോകകപ്പ് വേദിയായി. ഇനിയൊരുപക്ഷേ, ഒരു ലോകകപ്പ് ഫൈനലിലും ഈ അപൂർവത ഉണ്ടാവാൻ ഇടയില്ല.
ആതിഥേയരെന്ന ആനുകൂല്യമുണ്ടായിട്ടും ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് കപ്പിൽ മുത്തമിടാൻ ഇംഗ്ളണ്ടിന് കഴിഞ്ഞതെന്ന് പറയാതെ വയ്യ. ചേസിംഗിലെ അവസാന ഓവറുകളിൽ ന്യൂസിലാൻഡിന്റെ കൈയിൽ നിന്ന് സിക്സായി മാറിയ ക്യാച്ചും ഓവർത്രോയിലൂടെ ബൗണ്ടറിയിലെത്തിയ പന്തുമൊക്കെ നിർഭാഗ്യത്തിന്റെ ലക്ഷണങ്ങളായിരുന്നു. സെമിയിൽ ധോണിയെ റൺ ഔട്ടാക്കിയ മാർട്ടിൻ ഗപ്ടിൽ സൂപ്പർ ഓവറിന്റെ അവസാന പന്തിൽ റൺ ഔട്ടായതിലൂടെ കിവീസിന് കൈമോശം വന്ന കപ്പ് മറ്റൊരു കൗതുകമായി. 50-ാം ഓവറിലെ അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ രണ്ടാം റൺസ് നേടിയാണ് മാർക്ക്വുഡ് റൺ ഔട്ടാകുന്നത്. സൂപ്പർ ഓവറിൽ അവസാന പന്തിൽ ജയിക്കാനുള്ള രണ്ടാം റൺസ് പൂർത്തിയാക്കുന്നതിന് മുമ്പാണ് ഗപ്ടിൽ റൺ ഔട്ടാകുന്നത്.
ഫൈനലിലെ അപൂർവ സാമ്യത്തിന്റെ മകുടോദാഹരണമായിരുന്നു ഇത്. സെമിയിൽ ധോണിയെ റൺ ഔട്ടാക്കി ഇന്ത്യയുടെ വഴിയടച്ച ഗപ്ടിലിന് ഫൈനലിൽ ഇതേ രീതിയിൽ മടങ്ങേണ്ടി വന്നതിനെ കളിയുടെ കാവ്യനീതിയെന്നുതന്നെ പറയാം.
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം കേൻ വില്യംസണിന് സമ്മാനിക്കുന്നതിൽ സംഘാടകർക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. കാരണം ക്യാപ്ടനെന്ന നിലയിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതിൽ റെക്കാഡ് കുറിച്ച (518) വില്യംസന്റെ നായകശേഷി വെളിവായ ടൂർണമെന്റായിരുന്നു ഇത്. സൂപ്പർ താരങ്ങളുടെ അതിപ്രസരമില്ലാത്ത, വമ്പൻ പ്രതീക്ഷകളുടെ ഭാരമില്ലാത്ത കിവികളെ ചിട്ടയായ പ്രകടനത്തിലൂടെ ഫൈനൽ വരെ എത്തിക്കാൻ വില്യംസണിന് കഴിഞ്ഞു. ഇന്ത്യയ്ക്കെതിരായ സെമിയിലും പന്നീട് ഫൈനലിലും വമ്പൻ സ്കോറിലെത്താൻ കഴിയാതിരുന്നിട്ടും പ്രതിരോധിച്ചു നിൽക്കാനുള്ള മനക്കരുത്താണ് കിവികളെ ചാമ്പ്യൻമാർക്കൊപ്പം തന്നെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.
ഐ.സി.സിയുടെ കണക്കുപുസ്തകത്തിൽ ഈ കപ്പിനവകാശി ഇംഗ്ളണ്ടു തന്നെയാണ്. പക്ഷേ, തങ്ങളുടേതും കൂടിയാണ് ഈ കപ്പെന്ന് ഓരോ ക്രിക്കറ്റ് ആരാധകനെയും കൊണ്ട് പറയിച്ചശേഷമാണ് വില്യംസണും കൂട്ടരും കിവീസിലേക്ക് മടങ്ങുന്നത്.
ഇംഗ്ളീഷ് കിരീട ധാരണത്തിനു പിന്നിലെ ഘടകങ്ങൾ
1 ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തത് മഴയുടെ സ്വാധീനം സെമിയിലേതുപോലെ ഫൈനലിലും ഉണ്ടാകുമെന്ന് കരുതിയാണ്. വിക്കറ്റ് പോകാതെ ബാറ്റ് ചെയ്യേണ്ടുന്നതിന്റെ ആവശ്യകത അവർ സെമിയിൽ നിന്ന് പഠിച്ചിരുന്നു. പക്ഷേ, അവസാന ഓവറുകളിൽ കുറച്ചുകൂടി വേഗത്തിൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
2. സെമിയിൽ ഇന്ത്യയ്ക്ക് സംഭവിച്ചതുപോലെ ഇംഗ്ളണ്ടിന്റെ മുൻനിര വിക്കറ്റുകൾ വേഗം വീഴ്ത്താൻ കിവീസിനു കഴിഞ്ഞു. പക്ഷേ, ധോണി, ജഡേജ സഖ്യം തകർന്നതുപോലെ ബെൻസ്റ്റോക്സും ബട്ലറും പുറത്താകുന്ന നിമിഷത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ്. സ്റ്റോക്സ് അവസാന പന്തുവരെ നിന്നതിനാൽ പ്രതീക്ഷിച്ച ഫലം ചെയ്തില്ല.
3. 49-ാം ഓവറിൽ ബൗണ്ടറി ലൈനിൽ ക്യാച്ചെടുത്ത ശേഷം ബൗൾട്ടിന്റെ കാൽ ലൈനിൽ തട്ടിയതും ഫൈനൽ ഓവറിൽ രണ്ടാം റൺസ് പൂർത്തിയാക്കുന്നതിനിടെ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയ ത്രോ ബൗണ്ടറിയിലേക്ക് പാഞ്ഞ് ആറ് റൺസ് കിട്ടിയതും ഇംഗ്ളണ്ടിന് അനുഗ്രഹമായി.
അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ബൗൾട്ടിന്റെ ബാൾ ഉയർത്തിയടിച്ച് ക്യാച്ച് നൽകാതെ ഗ്രൗണ്ട് ഷോട്ടിന് ശ്രമിച്ച സ്റ്റോക്സിന്റെ മനസാന്നിധ്യമാണ് സൂപ്പർ ഓവറിലേക്ക് നീട്ടിയത്.
ജൊഫ്ര ആർച്ചറിനെ സൂപ്പർ ഓവറിലേക്ക് നിയോഗിച്ചത് ഇംഗ്ളണ്ടിന്റെ തുറുപ്പുചീട്ടായിരുന്നു. രണ്ടും കല്പിച്ച് ബാറ്റ് ചെയ്ത നിഷം സിക്സടിച്ചിട്ടും മനസാന്നിധ്യം കൈവിടാതെ പന്തെറിയാൻ ആർച്ചർക്ക് കഴിഞ്ഞു.
ലോകകപ്പ് ജേതാക്കൾ
1975 - വെസ്റ്റ് ഇൻഡീസ്
1979 - വെസ്റ്റ് ഇൻഡീസ്
1983 - ഇന്ത്യ
1987 - ആസ്ട്രേലിയ
1992 - പാകിസ്ഥാൻ
1996 - ശ്രീലങ്ക
1999 - ആസ്ട്രേലിയ
2003 - ആസ്ട്രേലിയ
2007 - ആസ്ട്രേലിയ
2011 - ഇന്ത്യ
2015 - ആസ്ട്രേലിയ
2019 - ഇംഗ്ളണ്ട്
ലോകകപ്പ് ഡ്രീം ഇലവൻ
രോഹിത് ശർമ്മ (വൈസ് ക്യാപ്ടൻ), ജാസൺ റോയ്, കേൻവില്യംസൺ (ക്യാപ്ടൻ), ഷാക്കിബ് അൽഹസൻ, ബെൻ സ്റ്റോക്സ്, ജെയിംസ് നിഷം, അലക്സ് കാരേ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ജൊഫ്ര ആർച്ചർ, ലോക്കീ ഫെർഗൂസൺ, ജസ്പ്രീത് ബുംറ.
6
ലോകകപ്പ് നേടുന്ന ആറാമത്തെ ടീമാണ് ഇംഗ്ളണ്ട്. വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ആസ്ട്രേലിയ, പാകിസ്ഥാൻ ശ്രീലങ്ക എന്നിവരാണ് മറ്റ് ജേതാക്കൾ.
ഓവർത്രോയിൽ വിവാദം
50-ാം ഓവറിലെ ഓവർത്രോ ബൗണ്ടറിയിൽ ഇംഗ്ളണ്ടിന് ആറ് റൺസ് നൽകിയതിനെതിരെ മുൻ അമ്പയർ സൈമൺ ടൗഫൽ ഉൾപ്പെടെയുള്ളവർ വിയോജിപ്പുമായി രംഗത്ത്. സ്റ്റോക്സ് രണ്ടാം റൺസ് പൂർത്തിയാക്കുന്നതിനു മുമ്പാണ് ബാൾ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പോയതെന്നതിനാൽ അഞ്ച് റൺസ് കൊടുത്താൽ മതിയാക്കുകുമായിരുന്നുവെന്നാണ് ടോഫൽ ചൂണ്ടിക്കാട്ടിയത്.
ആർക്കെങ്കിലും ഒരാൾക്ക് കിരീടം നൽകിയല്ലേ പറ്റൂ. നിർഭാഗ്യവശാൽ അത് ഞങ്ങളല്ലാതെ പോയി. ഇംഗ്ളണ്ട് എങ്ങനെയാണ് ജയിച്ചതെന്ന് എനിക്കറിയില്ല.
-കേൻ വില്യംസൺ
മത്സരത്തിന് മുമ്പ് ആദിൽ റഷീദ് പറഞ്ഞപോലെ അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്റെ ഐറിഷ് ഭാഗ്യവും തുണയായി. പിന്നെ ടൂർണമെന്റ് നിയമങ്ങൾ ഞങ്ങളല്ലല്ലോ നിശ്ചയിക്കുന്നത്.
-ഇയോൻ മോർഗൻ