തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ കെട്ടുകെട്ടായി പൊലീസ് കണ്ടെടുത്തതോടെ, കോളേജിലെ പരീക്ഷാ നടത്തിപ്പ് സംശയമുനയിലായി.
വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സർവകലാശാല പരിശോധിക്കുകയാണ്. കോളേജിലെ പരീക്ഷാനടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷിക്കാൻ പ്രോ വൈസ് ചാൻസലറെയും പരീക്ഷാ കൺട്രോളറെയും വൈസ് ചാൻസലർ നിയോഗിച്ചിട്ടുണ്ട്.
പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സർവകലാശാല നൽകുന്ന നിർദ്ദേശങ്ങളൊന്നും യൂണിവേഴ്സിറ്റി കോളേജ് അധികൃതർ പാലിക്കാറില്ല. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുൻപ് ജീവനക്കാർ അടിച്ചുമാറ്റി നൽകുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസുകൾക്ക് പുറമെ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകൾ കോളേജ് ഓഫീസിൽ നിന്ന് എടുത്തുനൽകിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകൾ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാൻ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷ നടക്കുന്ന വേളയിൽ, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനിൽക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പർ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസിൽ സഹായി ഉത്തരങ്ങൾ എഴുതും. ഇത് പരീക്ഷ എഴുതുന്നയാൾക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയൽ നമ്പറും പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സർവകലാശാല നടത്തുമെന്നാണ് സൂചന.
ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം
പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കിൽ നമ്പർ രേഖപ്പെടുത്തണമെന്നും ,ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമുള്ള നിർദ്ദേശം യൂണിവേഴ്സിറ്റി കോളേജിൽ പാലിക്കാറില്ല. വിദ്യാർത്ഥി നേതാക്കൾക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാൽ അന്നു തന്നെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് സർവകലാശാലയിൽ എത്തിക്കണമെന്ന നിർദ്ദേശവും പാലിക്കാറില്ല. ജീവനക്കാർ ചോർത്തി നൽകുന്ന പരീക്ഷാ പേപ്പറുകൾ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.
തട്ടിപ്പ് പി.എസ്.സി
പരീക്ഷകളിലും
യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി നടത്തുന്ന വിവിധ പി.എസ്.സി പരീക്ഷകളിലും സർവകലാശാല പരീക്ഷകളിലേതിന് സമാനമായ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.
550 രൂപയാണ് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഇൻവിജിലേറ്റർമാർക്ക് പി.എസ്.സി നൽകുന്നത്. സ്‌കൂൾ, കോളജ് അദ്ധ്യാപകർക്കാണ് മേൽനോട്ടച്ചുമതല. പി.എസ്.സി പരീക്ഷകൾ നടക്കുന്നത് അവധി ദിവസങ്ങളിലായതിനാൽ യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെ പല കോളേജുകളിലും കോളേജ് അദ്ധ്യാപകർ എത്താറില്ല. പരീക്ഷാ സെന്ററിൽ അദ്ധ്യാപകർ എത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ പി.എസ്.സിക്ക് സംവിധാനവുമില്ല. ചോദ്യം എത്തിച്ചശേഷം പിഎസ്‌സി ജീവനക്കാർ മടങ്ങും. മിക്ക അദ്ധ്യാപകരും പരീക്ഷാ ഹാളിലെ പരിശോധനയ്ക്ക് പകരം കോളേജിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഇവർ വിദ്യാർത്ഥി നേതാക്കളുടെ അടുപ്പക്കാരായതിനാൽ ഒ.എം.ആർ ഷീറ്റുകൾവരെ കോളേജിനു പുറത്തേക്കു കടത്തും. ശരിയായ ഉത്തരം രേഖപ്പെടുത്തിയശേഷം തിരികെ എത്തിക്കും.