തിരുവനന്തപുരം: സംഘർഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുത്തിയത് താനാണെന്ന് ശിവരഞ്ജിത്തും സമ്മതിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണോ കോളേജിൽ നടന്നതെന്നറിയാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. അഖിലും ശിവരഞ്ജിത്തും സമീപവാസികളാണ്. പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായി ശിവരഞ്ജിത്ത് ഉൾപ്പെട്ടതിന് പിന്നിൽ ക്രമക്കേടുണ്ടെന്ന് അഖിൽ ആരോപിച്ചിരുന്നതായി വിവരമുണ്ട്. പൊലീസ് പട്ടികയിൽ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആർച്ചറിയിൽ ചാമ്പ്യൻ എന്ന നിലയിലാണ്. എന്നാൽ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടെന്ന് അഖിൽ ആരോപിച്ചതായാണ് സൂചന.
സമീപത്തെ സംസ്കൃത കോളേജിൽ നിന്നുള്ള എസ്.എഫ്.ഐക്കാരും ആക്രമണ സമയത്ത് കോളേജിലുണ്ടായിരുന്നതും വിദ്യാർത്ഥിയല്ലാത്ത എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ സാന്നിദ്ധ്യവും സംശയമുണ്ടാക്കുന്നു. അദ്ധ്യാപികയെ വളഞ്ഞുവച്ച് കുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഈ നേതാവ്.