private-medical-college

തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് ഉപാധികളോടെ പ്രവേശനാനുമതി നൽകാൻ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചു. ഒരു കോടി രൂപ ബാങ്ക് ഗാരന്റിയിൽ തിരുവനന്തപുരം എസ്.യു.ടി, പാലക്കാട് കരുണ, പത്തനംതിട്ട മൗണ്ട് സിയോൺ, എറണാകുളം ശ്രീനാരായണ കോളേജുകൾക്കാണ് അനുമതി നൽകിയത്. സർവകലാശാലയുടെ ഇൻസ്‌പെക്ഷൻ തടസപ്പെടുത്തിയതിന് കരുണ മെഡിക്കൽ കോളേജിന് 20 ലക്ഷം രൂപ പിഴ ചുമത്താനും യോഗം തീരുമാനിച്ചു. ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനയിൽ ആവശ്യത്തിന് അദ്ധ്യാപകർ ഇല്ലാത്തതടക്കമുള്ള പ്രശ്നങ്ങളെ തുടർന്നാണ് നാല് കോളജുകളിലെയും എം.ബി.ബി.എസ് പ്രവേശനം തടഞ്ഞത്. നിശ്ചിത സമയത്തിനകം സർവകലാശാല ചൂണ്ടിക്കാട്ടിയ കുറവുകൾ പരിഹരിക്കാനാണ് നിർദ്ദേശം. മൂന്നുമാസത്തിനകം ഈ കോളജുകളിൽ വീണ്ടും സർവകലാശാല പരിശോധന നടത്തും.