ലോകകപ്പിലെ സെമിഫൈനൽ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടെസ്റ്റിനും ലിമിറ്റഡ് ഓവർ ഫോർമാറ്റിനും വ്യത്യസ്ത ക്യാപ്ടന്മാരെന്ന രീതി വീണ്ടും വരുമെന്ന് റിപ്പോർട്ടുകൾ. ടെസ്റ്റിലും ട്വന്റി-20യിലും വിരാട് കൊഹ്‌ലി തന്നെ തുടരുമ്പോൾ ഏകദിന ക്യാപ്ടൻസി രോഹിത് ശർമ്മയെ ഏൽപ്പിക്കുമെന്ന് ബി.സി.സി.ഐയിലെ ഒരു ഉന്നതൻ വെളിപ്പെടുത്തിയെന്നാണ് വാർത്തകൾ.
രോഹിത് - കൊഹ്‌ലി ചേരിപ്പോര്
അതിനിടെ ടീമിനുള്ളിൽ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഗ്രൂപ്പ് കളിക്കുന്നു എന്ന ആരോപണങ്ങളും ഉപശാലകളിൽ സജീവമായി. പ്ളേയിംഗ് ഇലവൻ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൊഹ്‌ലിയും ശാസ്ത്രിയും തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നുവെന്നതാണത്രെ പ്രശ്നം. ഇതിന്റെ പേരിൽ രോഹിത് ടീം മീറ്റിംഗിൽ ഉടക്കിയിരുന്നത്രെ. കൊഹ്‌ലിയുടെ ഗുഡ്ബുക്കിൽ ഇല്ലാത്തവർ രോഹിതിനെ ക്യാപ്ടനാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പ് പരാജയം പരിശോധിക്കാൻ ബി.സി.സി.ഐ റിവ്യൂ മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ടീം സെലക്ഷനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
വിൻഡീസിലേക്കുള്ള ടീം
സെലക്ഷൻ വെള്ളിയാഴ്ച
അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. ലിമിറ്റഡ് ഓവർ ടീമിൽ നിന്ന് വിരാടിനും ബുംറയ്ക്കും വിശ്രമം നൽകുമെന്നാണ് സൂചന. മഹേന്ദ്രസിംഗ് ധോണിയുടെ കാര്യത്തിലും സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കും.
ശാസ്ത്രിയുടെ കരാർ തീർന്നു
ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രവിശാസ്ത്രിയുടെയും സഹപരിശീലകരുടെയും കരാർ ലോകകപ്പോടെ അവസാനിച്ചു. പുതിയ പരിശീലകർക്ക് ബി.സി.സി.ഐ ഉടൻ അപേക്ഷ ക്ഷണിക്കും. ശാസ്ത്രിക്ക് തുടരണമെങ്കിൽ വീണ്ടും അപേക്ഷ നൽകണം.