university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തും ഗുണ്ടായിസവും സംസ്ഥാനത്താകെ വലിയ ചർച്ചയായി മാറുമ്പോൾ എസ്.എഫ്.ഐ തങ്ങൾക്ക് നൽകിയ ദുരനുഭവം തുറന്ന് പറയുകയാണ് സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് അരുൺ ബാബു. മറ്റൊരു വിദ്യാർത്ഥി സംഘടനയേയും പ്രവർത്തിക്കാൻ അനുവദിക്കാത്ത യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരിൽ നിന്നുണ്ടായ ഒരിക്കലും ഓർമ്മിക്കാനാഗ്രഹിക്കാത്ത അനുഭവങ്ങൾ 'ഫ്ലാഷി'നോട് തുറന്നുപറയുകയാണ് അരുൺബാബു.

ടവലായിരുന്നു രക്ഷ

2016 ഡിസംബറിൽ കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ച എ.ഐ.എസ്.എഫിന്റെ നേതാവായ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് അങ്ങേയറ്രത്തെ മോശം അനുഭവമാണ്. നോമിനേഷൻ കൊടുക്കുന്നതിൽ ആ പെൺകുട്ടിയെ തടഞ്ഞത് വിദ്യാർത്ഥിനികൾ അടങ്ങിയ എസ്.എഫ്.ഐ സംഘമാണ്. ക്ളാസ് മുറിക്കകത്ത് ആ പെൺകുട്ടിയെ അടച്ചിട്ടു. അറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.എഫ്. ഐ പ്രവർത്തകർ പറഞ്ഞത്. സംഭവം അറിഞ്ഞ ഉടനെ കാര്യം എന്താണെന്ന് തിരക്കാനായി കോളേജിലെത്തിയതായിരുന്നു അന്ന് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ ഞാൻ. എന്നെ കോളേജിനകത്ത് കൊണ്ടുപോയി മർദ്ദിച്ചു. എന്റെ ഉടുമുണ്ട് ഉരിഞ്ഞെടുത്താണ് പിന്നീടവർ പ്രകടനം നടത്തിയത്. എന്നെ കാമ്പസിന്റെ പുറത്ത് എം.ജി റോഡിൽ നിറുത്തി. അവിടെ രണ്ട് പൊലീസുകാരുണ്ടായിരുന്നെങ്കിലും അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പൊലീസ് ജീപ്പിൽ കയറി അതിലുണ്ടായിരുന്ന ഒരു ടൗവൽ എടുത്ത് ഉടുക്കേണ്ടിവന്നു. സംഭവമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകർ എത്തുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് എസ്.എഫ്.ഐയുടെ ജില്ലാ നേതൃത്വത്തിലെ പ്രമുഖനായ വ്യക്തി എനിക്ക് മുണ്ട് തിരിച്ച് തന്നത്. പ്രാകൃതമായ ഈ ശൈലി ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകനുമുണ്ടാവാൻ പാടില്ല. ഇത് ജനാധിപത്യ വിദ്യാർത്ഥി സംഘടനയ്ക്ക് ഭൂഷണമായ പ്രവർത്തനമല്ല.

arun-

പുറത്തേക്ക് വരുന്നത് ക്രിമിനലുകളായി

കാമ്പസുകളിലെ ഏക സംഘടനാ വാദം അരാഷ്ട്രീയമാണ്. ഏകാധിപത്യം വാഴുന്ന കാമ്പസുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ നല്ല പൗരൻമാരാവുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. യൂണിവേഴ്സിറ്രി കോളേജ് പോലെയുള്ള കാമ്പസുകളിൽ നിന്ന് പുറത്തിറങ്ങുന്നവരിൽ ചിലരെങ്കിലും കൊടും ക്രിമിനലുകളാകുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാമ്പസിൽ വന്ന് എസ്.എഫ്.ഐക്കാരായി മാറുന്നവർക്ക് രാഷ്ട്രീയം പറഞ്ഞ് കൊടുക്കാൻ എസ്.എഫ്.ഐയ്ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സഹായിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പിന്മാറണം. കേരളത്തിലെ പ്രബലമായ, ഒട്ടു മിക്ക കാമ്പസുകളിലും സർവകലാശാലകളിലും അധികാരത്തിലിരിക്കുന്ന എസ്.എഫ്.ഐയ്ക്ക് എന്തുകൊണ്ട് തങ്ങളുടെ സ്വാധീനം ഇടത് വോട്ടാക്കാൻ കഴിയുന്നില്ല. അവിടെയാണ് സംഘടന പരാജയപ്പെടുന്നത്. ഗുണ്ടകൾ ഭരിക്കുന്ന കാമ്പസിൽ നിശബ്ദരാക്കപ്പെടുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ പുറത്തിറങ്ങുമ്പോൾ ഇതിനെതിരായ രാഷ്ട്രീയം സൃഷ്ടിക്കപ്പെടുന്നു എന്ന യഥാർത്ഥ്യം കൂടി അവർ മനസിലാക്കണം.

ഇതുമാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിൽ എത്രയോ പെൺകുട്ടികൾക്കുണ്ടാകുന്ന ദുരവസ്ഥ കാണാതെ പോവരുത്. ഇതൊക്കെ ചെയ്യുന്നത് എസ്.എഫ്.ഐ അല്ല. ഇവിടെ കയറി അടക്കി വാഴുന്ന കുറ്റവാളികളാണ്. ഇതിനൊരു മാറ്റം കേരളത്തിൽ അനിവാര്യമാണ്. ഇതാണ് എസ്.എഫ്.ഐയോട് പറയാനുള്ളത്.

എകാധിപത്യം അടക്കി വാഴുന്ന കാമ്പസുകളിൽ തിരഞ്ഞെടുപ്പിനെയും മറ്റ് വിദ്യാർത്ഥി സംഘടനകളെയും അവർ ഭയപ്പെടുന്നു. മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനം വന്നാൽ ചെറിയ ചെറിയ കാര്യങ്ങൾ പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. എസ്.എഫ്.ഐ മാത്രമല്ല പല കാമ്പസുകളിലും മറ്റ് പല സംഘടനകളും ഇത്തരം സ്വഭാവമുള്ളവയാണ്. ജനാധിപത്യ പാരമ്പര്യമുള്ള എസ്.എഫ്.ഐ ഇത്തരം ചിന്തയിൽ നിന്ന് മാറണം. മാറും എന്ന് നേതാക്കൻമാർ പറയുന്നുണ്ടെങ്കിലും പ്രവൃത്തിയിലില്ല. അവർ വിളിക്കുന്ന മുദ്രവാക്യമായ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന വാക്കുകളുടെ അർത്ഥം സംഘടന ഇനിയെങ്കിലും മനസിലാക്കണം.

കുറ്റവാളികളെ പുറത്താക്കണം

ചെങ്കോട്ട എന്നല്ല ജനാധിപത്യത്തിന്റെ കോട്ട എന്നാണ് യൂണിവേഴ്സിറ്രി കോളേജിന് മുന്നിൽ എസ്.എഫ്.ഐ എഴുതി വയ്ക്കേണ്ടത്. ഇപ്പോൾ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ച് വിട്ടെങ്കിലും ഇനി യൂണിറ്റിൽ വരുന്നത് കുറ്റവാളികളാകരുത്. കുറ്റവാളികളെ ആ കാമ്പസിൽ നിന്ന് പുറത്താക്കണം. കോളേജിലെ അദ്ധ്യാപകർ അവരുടെ ജോലി കൃത്യമായി നിർവഹിക്കണം. യൂണിവേഴ്സിറ്രി കോളേജ് പ്രിൻസിപ്പൽ സ്വന്തം ഉത്തരവാദിത്തം നിർവ്വഹിക്കണം. 'ഞാൻ അഡ്മിഷൻ തിരക്കിലാണ്, അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ല 'എന്നാണ് മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ഒരു കോളേജിൽ നടക്കുന്ന സംഭവം പ്രിൻസിപ്പൽ അറിയാതിരിക്കുന്നതെങ്ങനെ? എല്ലാ ഒത്താശയും ചെയ്ത് കുറ്റം ചെയ്തവരെ സഹായിക്കുന്ന നിലപാടാണ് പ്രിൻസിപ്പലിന്റേത്.