sfi-leaders
യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനേയും എ.എൻ നസീമിനേയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷയ്ക്ക് ഗ്രൗണ്ടിലെത്തിയത് പൊലീസ് ജീപ്പിൽ. നാലാം സായുധ ബറ്റാലിയനിലെ അംഗമായ സംഘടനാ നേതാവാണ് കായിക പരിശോധനയ്ക്ക് മുമ്പും പിമ്പും നഗരത്തിൽ ചുറ്റാനും താമസിക്കുന്ന ഹോട്ടലിലെത്താനും ഭക്ഷണം കഴിക്കാൻ പുറത്തുപോകാനും ഇവർക്ക് ഡിപ്പാർട്ട് മെന്റ് വക ജീപ്പും സൗകര്യങ്ങളും ഒരുക്കികൊടുത്തത്. കായികക്ഷമതാ പരീക്ഷയിലും നേതാവിന്റെ ശുപാർശ പ്രകാരം വെള്ളം ചേർത്തെന്നാണ് ആരോപണം.

തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിൽ നസിം പ്രതിയായ ശേഷമായിരുന്നു കണ്ണൂരിലെ ഈ വീരോചിത സ്വീകരണം. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് പുറമേ എസ്.എഫ്.ഐ യൂണിറ്റംഗമായ മറ്റൊരു വിദ്യാർത്ഥിയും ഇവർക്കൊപ്പം കായികക്ഷമതാ പരീക്ഷയ്ക്കെത്തിയിരുന്നു.

തലസ്ഥാന പൊലീസ് സേനയിലെ വമ്പൻമാരായ ചിലരുടെ സ്വാധീനമാണ് കായികക്ഷമതാപരിശോധനയ്ക്ക് കണ്ണൂരിലെത്തിയ ഇവർക്ക് വീരോചിത വരവേൽപ്പിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്. യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നസിമിന്റെ പേരുവിവരങ്ങൾ പുറത്തായതോടെയാണ് കണ്ണൂരിലെ സ്വീകരണം പൊലീസ് സേനാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ പുറത്തായത്. പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെയാണ് പി.എസ്.സിയുടെ ബറ്റാലിയൻ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാവായ നസീമിന് വിദ്യാർത്ഥി നേതാവെന്നതിലുപരി പൊലീസിലും ഭരണത്തിലുമുള്ള സ്വാധീനത്തിന് തെളിവാണിത്.

ട്രാഫിക് പൊലീസുകാരനെ അക്രമിച്ച കേസിൽ രണ്ടുമാസത്തോളം മുങ്ങി നടന്ന നസീമിനെ ഏറെ വിവാദങ്ങൾക്കുശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പൊലീസിനെ കൺമുന്നിൽ രണ്ട് ദിവസം വിലസിയശേഷം നിൽക്കകള്ളിയില്ലാത്ത സാഹചര്യത്തിലാണ് നസിമിന്റെയും ശിവരഞ്ജിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിന്റെ വ്യാജസീലും യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകളും കണ്ടെത്തുകയും ചെയ്തതോടെ ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിലുൾപ്പെട്ടതും വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ പി.എസ്.സി അന്വേഷണം പ്രഖ്യാപിച്ചിരിക്കെ വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടേക്കും.