doctor

കോട്ടയം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള പണം കണ്ടെത്താൻ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി മേഴ്സി ജോർജ് (30) ആണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ഒരു കോൺവന്റിലാണ് മേഴ്സി താമസിച്ചിരുന്നത്. ഇതിനിടയിൽ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാർ സ്വദേശിയുമായി അടുപ്പത്തിലായി. ഇതോടെ കോൺവന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്സി, ഇയാളോടൊപ്പം കാരാപ്പുഴയിൽ ഒരു വീട് വാടകക്ക് എടുത്ത് ഭാര്യാഭർത്താക്കന്മാരായി താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മേഴ്സിക്ക് പുരുഷനാവാൻ ആഗ്രഹം തോന്നിയത്.

ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. ലിംഗ മാറ്റത്തിന് വർഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങൾ ഇതിന് ചെലവ് വരുമെന്നും അവർ പറഞ്ഞതോടെ പണം കണ്ടെത്താൻ തട്ടിപ്പ് മാർഗമാക്കുകയായിരുന്നു മേഴ്സി.

ആദ്യം എത്തിയത് വയസ്കരക്കുന്നിലെ ആയുർവ്വേദ ആശുപത്രിയിലാണ്. ആൺവേഷം കെട്ടിയായിരുന്നു രംഗപ്രവേശനം. തിരിച്ചറിയൽ കാർഡ് സ്വയം നിർമ്മിച്ചു. ഒപ്പം സ്റ്റെതസ്കോപ്പും വാങ്ങി. രണ്ടും കഴുത്തിൽ തൂക്കിയാണ് ആശുപത്രിയിൽ എത്തിയത്. കുറെ രോഗികളെ കണ്ട് നല്ല ചികിത്സ നല്കാമെന്ന് പറ‌ഞ്ഞ് ആയിരങ്ങൾ കൈപ്പറ്റിയ മേഴ്സിക്ക് അധികദിവസം അവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. രോഗികളുടെ പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നല്കി. എന്നാൽ മേഴ്സി കളം മാറ്റി ബിസിനസ് കൊഴുപ്പിക്കുകയായിരുന്നു.

കോട്ടയം മെഡ‌ിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പിന്നീടുള്ള വിലസൽ.

അവിടെയും തിരിച്ചറിയൽ കാർഡ് കഴുത്തിൽ അണിഞ്ഞ് ആശുപത്രിയിൽ റോന്തുചുറ്റി. കൂട്ടിരുപ്പുകാരിൽ നിന്ന് മറ്റുമാണ് പണം പ്രധാനമായും തട്ടിയെടുത്തത്. ഇവിടെയാവട്ടെ, പുരുഷവേഷം ധരിച്ച് വാർഡുകളിൽ ചുറ്റിക്കറങ്ങിയ ആൺഡോക്ടറിൽ സംശയമൊന്നും തോന്നിയില്ല.

ഇതിനിടയിലാണ് തട്ടിപ്പിന് വിധേയനായ ഒരാൾ ഇന്നലെ ഉച്ചയോടെ കോട്ടയം ടൗണിൽ മേഴ്സിയെ കണ്ടത്. മേഴ്സിതന്നെയെന്ന് ഉറപ്പിച്ചതോടെ ഇയാൾ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് എത്തി പിങ്ക് പൊലീസിന്റെ സഹായത്തോടെ മേഴ്സിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കളി പുറത്തായത്.