പ്രേതങ്ങളുടെ കരച്ചിലും ആർത്ത നാദങ്ങളും നിറഞ്ഞ ചെറു ദ്വീപ്! അതാണ് ലോകത്തെ ഏറ്റവും ഭയാനകമായ പ്രദേശമെന്ന ഖ്യാതിയുള്ള ഇറ്റലിയിലെ പൊവേലിയ. പ്ലേഗ് ബാധിച്ച് മരിച്ച ലക്ഷക്കണക്കിനുപേരെ ഇവിടെ കൂട്ടത്തോടെ മറവ് ചെയ്‌തു. ചില രോഗികളെ ജീവനോടെ ചുട്ടു കൊന്നു.
ഏകദേശം 1,60,000 പേർ ഇത്തരത്തിൽ ഇവിടെ മരിച്ചു. ഇവരുടെ ആത്മാക്കൾ ഇന്നും ഇവിടെ അലയുകയാണെന്നാണ് സമീപവാസികളുടെ വിശ്വാസം. പലരും പൊവേലിയയിലെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്നും നിലവിളികളും അശരീരികളും കേട്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നു. പ്രേതാനുഭവങ്ങൾക്കൊന്നും ശാസ്ത്രം വിലകൽപ്പിക്കുന്നില്ലെങ്കിലും പാരാനോർമൽ ഗവേഷകർ പോലും ഭയപ്പെടുന്നിടമാണ് പൊവേലിയ.
യൂറോപ്പിനെ തകർത്തു കൊണ്ട് മഹാരോഗമായ പ്ലേഗ് വ്യാപിച്ചതോടെ പൊവേലിയ ശ്‌മശാന ഭൂമിയായി. 1776 മുതൽ പ്ലേഗ് ബാധിതരെ പൊവേലിയയിലേക്ക് കൂട്ടത്തോടെ തള്ളാൻ തുടങ്ങി. വധശിക്ഷയ്ക്ക് വിധിക്കുന്നതിനെക്കാൾ ദുരിതമായിരുന്നു പൊവേലിയയിലേക്ക് നാടുകടത്തപ്പെട്ട രോഗികളുടെ അവസ്ഥ. ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവർ അലഞ്ഞു.
മരിച്ചു വീണവരുടെയും ജീവനോടെ കത്തിക്കപ്പെട്ടവരുടെയും മൃതദേഹങ്ങൾ അവിടെ അടിഞ്ഞു കൂടി.
1922ൽ പൊവേലിയയിലെ തകർന്ന കെട്ടിടങ്ങൾ പുതുക്കി പണിഞ്ഞ് മാനസികാശുപത്രി നിർമിച്ചു. പൊവേലിയയിലെ ഈ മാനസികാരോഗ്യ കേന്ദ്രങ്ങൾ വളരെ രഹസ്യമായിരുന്നു. അതിക്രൂരമായ പല ചികിത്സാ പരീക്ഷണങ്ങളും ഇവിടത്തെ രോഗികളിലാണ് ഡോക്ടർമാർ ചെയ്തിരുന്നത്. അവിടെ മരിക്കുന്നവരെയും കൊല്ലപ്പെടുന്നവരെയും പൊവേലിയയിൽ തന്നെ മറവും ചെയ്തു.
ഒരിക്കൽ പ്രേതങ്ങളെ കണ്ട് ഭയന്ന ഒരു ഡോക്ടർ ബെൽ ടവറിൽ നിന്നും താഴേക്ക് വീണു. അപ്പോൾ പുക പ്രത്യക്ഷപ്പെടുകയും ഡോക്‌ടർ ആ പുകയിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്‌തത്രെ. അതോടെ ആശുപത്രി പൂട്ടുകയും പൊവേലിയ വീണ്ടും ജനവാസമല്ലാതാവുകയും ചെയ്‌തു. 2014ൽ ഇറ്റാലിയൻ ഗവൺമെന്റ് പൊവേലിയ ദ്വീപ് ലൂഗി ബ്രുണാരോ എന്ന ബിസിനസുകാരന് 513,000 യൂറോയ്‌ക്ക് വിറ്റെങ്കിലും പൊവേലിയ ഇപ്പോഴും അനാഥമാണ്. 99 വർഷം ഇയാൾ ദ്വീപിന്റെ ഉടമസ്ഥൻ ആയിരിക്കും.