തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെക്കുറിച്ചുള്ള പരാതികൾക്കിടെ എസ്.എഫ്.ഐ ഭരിക്കുന്ന തലസ്ഥാനത്തെ മറ്റൊരു കോളേജായ ഗവ. ആർട്സ് കോളേജിലെ യൂണിറ്റിനെതിരെയും പ്രതിഷേധമുയർത്തി കോളേജ് വിദ്യാർത്ഥികൾ. വനിതാ മതിലിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെതിരെ പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ പ്രതികരിച്ചിരിക്കുന്നത്. യൂണിയൻ ചെയർമാന്റെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയതെന്നും പരാതിയുമായി അദ്ധ്യാപകരെ സമീപിച്ചാൽ തിരികെയെത്തുമ്പോൾ നേതാക്കൾ ഭീഷണിയുമായി ക്ലാസിലുണ്ടാകും. വിദ്യാർത്ഥികളുടെ വാക്കുകളിലൂടെ.
150 രൂപ എസ്.എഫ്.ഐക്ക്
പ്രവേശനം നേടാൻ ആദ്യമായി കോളേജിലെത്തുന്ന ദിവസം തന്നെ 150 രൂപ നൽകി എസ്.എഫ്.ഐ മെമ്പർഷിപ്പ് എടുക്കണം. മറ്റേത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരായാലും ഇത് നിർബന്ധമാണ്. പണം വാങ്ങാൻ പ്രത്യേക കൗണ്ടറൊരുക്കി ഗേറ്റിനരികിലുണ്ടായിരിക്കും നേതാക്കൾ.
ഉച്ചയ്‌ക്ക് റൗണ്ട്സ്
യൂണിറ്റ് നേതാക്കളുടെ അകമ്പടിയോടെ പ്രവർത്തകർ നടത്തുന്ന റൗണ്ട്സ് ദിവസവും ഉച്ചയ്‌ക്ക് കോളേജ് കാമ്പസിലൂടെ കടന്നുപോകും. മൊബൈൽ ഫോൺ ഉപയോഗം, മാന്യമായ വസ്ത്രധാരണം എന്നിവ പരിശോധിക്കും. തെറ്റ് കണ്ടാൽ ഭീഷണിയും തെറിയും. യൂണിവേഴ്സിറ്റി കോളേജിലേത് പോലെ പാട്ടുപാടിയാലോ, കാന്റീനിൽ പോയാലോ, മരച്ചുവട്ടിൽ ഇരുന്നാലോ ഒന്നും യാതൊരു പ്രശ്നവുമില്ല.
പുറത്ത് പോകാൻ അനുവാദം വാങ്ങണം
കോളേജിൽ നിന്ന് വിദ്യാർത്ഥി എപ്പോൾ പുറത്ത് പോകണമെന്ന് തീരുമാനിക്കുന്നത് യൂണിറ്റിലെ നേതാക്കളാണ്. കോളേജിനുള്ളിൽ പേന പോലും വാങ്ങാനുള്ള സ്റ്റോറില്ല. അതിനാൽ പേപ്പറോ ബുക്കോ പേനയോ വാങ്ങണമെങ്കിൽ പുറത്ത് പോകണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിനായി യൂണിറ്റ് റൂമിലെത്തി നേതാക്കളുടെ അനുവാദം വാങ്ങണം.
ഡ്രസ് കോഡിന് ചേച്ചിമാർ
യൂണിറ്റിന് കീഴിൽ മാതൃകാ കമ്മിറ്റി എന്ന പേരിൽ ഒരു ഉപകമ്മിറ്റിയുണ്ട്. പെൺകുട്ടികൾ 'മാന്യമായി' വസ്ത്രം ധരിക്കുന്നുണ്ടെന്നത് പരിശോധിക്കുന്നത് ഈ കമ്മിറ്റിയിലെ ചേച്ചിമാരാണ്. 'മാന്യത'യില്ലാത്തവരെ കണ്ടാൽ പിടിച്ച് വിരട്ടും.
ഫോണിന്റെ കാര്യം
കോളേജ് കാമ്പസുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. എന്നാൽ ഈ നിരോധനം പലയിടത്തും പേപ്പറിൽ മാത്രമാണ്. എന്നാൽ ആർട്സ് കോളേജിൽ ഈ നിയമം വിദ്യാർത്ഥികൾ പാലിക്കണമെന്ന് യൂണിറ്റിലെ ചേട്ടന്മാർക്ക് നിർബന്ധമാണ്. ഫോൺ പിടിക്കപ്പെട്ടതിനെത്തുടർന്ന് എറിഞ്ഞ് പൊട്ടിച്ച സംഭവം വരെ കോളേജിലുണ്ടായിട്ടുണ്ടത്രേ. എന്നാൽ നേതാക്കൾക്കും പരിവാരങ്ങൾക്കും ഈ നിയമം ബാധകമല്ല.
ശബ്ദരേഖയുടെ പ്രസക്തഭാഗങ്ങൾ
നേതാവ്: കോളേജിൽ വന്നിട്ട് ഉച്ചയ്‌ക്ക് എവിടെ പോയിരുന്നു?
പെൺകുട്ടികൾ: വീട്ടിൽ പോയിയ
നേതാവ്: ആരോട് ചോദിച്ചിട്ട് പോയി?
പെൺകുട്ടികൾ: ഡിപാർട്ട്മെന്റിൽ നിന്ന് ടീച്ചറോട് അനുവാദം വാങ്ങി
നേതാവ്: ഡിപ്പാർട്ട്മെന്റിന്റെ അനുവാദം ചോദിച്ച് പുറത്ത് പോകുന്ന പതിവ് എന്ന് തുടങ്ങി?. ഡിപ്പാട്ട്മെന്റിൽ ചോദിച്ചിട്ട് പോകാനുള്ള ബുദ്ധി എന്ന് തുടങ്ങിയത്. ക്രിസ്‌മസും ഓണവുമടക്കം ഏത് സെലിബ്രേഷനാടീ ഡിപാർട്ട്മെന്റ് നടത്തിയത് ഇവിടെ. ഫോട്ടോസ്റ്റാറ്റും പേപ്പറുമൊക്കെ വാങ്ങാനടക്കം യൂണിറ്റ് കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് പറഞ്ഞിട്ടുള്ളതല്ലേ? വന്നിട്ട് എത്ര മാസമായി. ഉച്ചയ്‌ക്ക് നീയൊക്കെ എവിടെ പോകാനാണ് കോളേജിൽ നിന്ന് ഇറങ്ങിയെന്ന് അറിയാമെടീ. എന്തിനാടീ ഏതുനേരവും ഫോണിൽ കുത്തുന്നത്. വീട്ടിൽ വിളിക്കാൻ മാത്രമാണ് ഫോൺ കാമ്പസിൽ അനുവദിച്ചിട്ടുള്ളത്. സെൽഫി എടുക്കാനും വാട്സപ്പിൽ ഉപയോഗിക്കാനുമല്ല. മര്യാദയ്‌ക്ക് പോയാൽ കൊള്ളാം.